Saturday, 10 May 2014

മൃഗം, മനുഷ്യന്‍, ബുദ്ധന്‍

മൃഗം, മനുഷ്യന്‍, ബുദ്ധന്‍
ഇതില്‍ ആദ്യത്തെ രണ്ടു അണ്ണന്മാരെയും മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. . കുറഞ്ഞത്‌ രൂപം എങ്കിലും മനസ്സില്‍ ഓര്‍ക്കുന്നുണ്ടല്ലോ അല്ലെ ? വെരി ഗുഡ്.
പക്ഷേ ബുദ്ധന്‍ എന്നാല്‍ തെറ്റിദ്ധരിക്കരുത്. സിദ്ധാര്‍ത്ഥന്‍ ബോധോദയം ഉണ്ടായപ്പോള്‍ ആയിത്തീര്‍ന്ന ശ്രാവസ്തിയിലെ, ഗയയിലെ ബുദ്ധനെ അല്ല ഉദ്ദേശിച്ചത്. ബുദ്ധന്‍ എന്നാല്‍ ബോധോദയം ഉണ്ടായ ആരും ആവാം. യേശു, നബി, ഓഷോ, വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു... പേരില്ലാത്ത ആയിരങ്ങള്‍.. ആരും ആവാം.
മനസ്സിലായോ ?
എങ്കില്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം.
മനസ്സിലായില്ലെങ്കില്‍ പോസ്റ്റ്‌ ആദ്യം മുതല്‍ ഒന്നുകൂടി വായിക്കുക. ലൂപ്പ്.
സഹൃദയരെ !
(പേടിക്കണ്ട. ഹൃദയം ഉള്ളവരെ എന്നേ ഉള്ളു അര്‍ത്ഥം).
മൃഗം, മനുഷ്യന്‍, ബുദ്ധന്‍. അതാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയം.
മൃഗം എന്നാല്‍ ഒരു മൃഗരൂപത്തെ ചിന്തിക്കണ്ട. മൃഗാവസ്ഥയിലുള്ള ജീവികള്‍ എല്ലാം അതായതു പക്ഷികളും മത്സ്യങ്ങളും അതിനു താഴെയുള്ള ഇന്ദ്രിയങ്ങള്‍ ഉള്ള എല്ലാ ജീവജാലങ്ങളും മൃഗാവസ്ഥയില്‍ തന്നെ ആണ്. അഥവാ അവര്‍ ജീവിക്കുന്ന അവസ്ഥയെ ആണ് അങ്ങനെ തല്‍കാലം വിളിക്കുന്നത്‌.
മൃഗാവസ്ഥയില്‍ ചോദനകള്‍ (instincts) ആണ് പ്രവര്‍ത്തി ചെയ്യിപ്പിക്കുന്ന അടിസ്ഥാന ഘടകം. ഒരു ഉദാഹരണം എടുക്കാം. ഒരു എലി ഓടി. പൂച്ച ചാടി വീണു അതിനെ കൊന്നു തിന്നു. ഇവിടെ പൂച്ചയുടെ വിശപ്പ്‌ എന്ന ചോദന ആണ് പ്രവര്‍ത്തിച്ചത്. അല്ലാതെ എലിയെ കൊല്ലണോ കൊല്ലണ്ടയോ എന്നൊന്നും പൂച്ച ചിന്തിക്കില്ല. . അതിനുള്ള മനസ് പൂച്ചയ്ക്ക് ഇല്ല എന്ന് അര്‍ഥം.
ശ്രദ്ധിക്കുക. മൃഗം, ചോദന എന്നിവയുടെ ഒപ്പം രണ്ടു പുതിയ വാക്കുകള്‍ കൂടി പുതുതായി വന്നു.. ചിന്ത, മനസ്. ബുദ്ധി ഉള്ളവര്‍ ശ്രദ്ധിച്ചു കാണും.
മൃഗം + ചിന്ത (മനസ്) = മനുഷ്യന്‍ !
കത്തിയാ ?
ഒന്ന് മിന്നി. ഇല്ലേ ?
ഇല്ലെങ്കില്‍ പോസ്റ്റ്‌ ആദ്യം മുതല്‍ ഒന്നുകൂടി വായിക്കുക. ലൂപ്പ്.
വീണ്ടും ശ്രദ്ധിക്കുക.
മനുഷ്യന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ മനനം ചെയ്യുന്നവന്‍ എന്നാണ്. അപ്പോള്‍ മനസ് ഇല്ലാതെ പറ്റില്ല.
മൃഗത്തിനു മനനം ചെയ്യണ്ട ആവശ്യമേ ഇല്ല. തിന്നുക, കുടിക്കുക, ഇണചേരുക, ഉറങ്ങുക. ഇതൊക്കെ ചോദനകള്‍ക്ക് അനുസൃതമായി അങ്ങ് നടന്നോളും. പ്രത്യേകിച്ച് ആലോചിക്കാന്‍ ഒന്നും ഇല്ല.
മനുഷ്യ രൂപം ഉള്ള മൃഗങ്ങള്‍ ഉണ്ടാകുമോ ?
എന്താ സംശയം ? ചോദനകള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന മനുഷ്യമൃഗങ്ങള്‍ ഉണ്ട്. അവര മൃഗസമാനം ആയ ജീവിതങ്ങള്‍ ജീവിക്കും. ഒരു പട്ടി ചെയ്യുന്നതിനപ്പുറം ഒന്നും ഇവര്‍ ചെയ്യാറില്ല. അന്യരെ കണ്ടു ദേഷ്യപ്പെട്ടു കുരയ്ക്കുക, പെണ്ണിനും ഭക്ഷണത്തിനും വേണ്ടി കടി കൂടുക. അന്യരെ കണ്ടാല്‍ സംഘം ചേര്‍ന്നു ആക്രമിക്കുക. ഇണചേരുക, ഉറങ്ങുക. മുതലാളിയെ കണ്ടാല്‍ ഭവ്യമായി നില്‍ക്കുക, ഭക്ഷണം കൊടുത്താല്‍ വാലാട്ടുക. ഇതൊക്കെ അല്ലെ പട്ടികള്‍ ചെയ്യുന്നത്. ഇതൊക്കെ മാത്രം ചെയ്തു ജീവിക്കുന്ന മനുഷ്യരും ഉണ്ട്.
മനുഷ്യാവസ്ഥയില്‍ ചിന്തകള്‍ ഉണ്ടാവും. അപ്പോഴാണ്‌ ഒരാളെ മനുഷ്യന്‍ എന്ന് വിളിക്കാന്‍ പോലും അര്‍ഹത ഉണ്ടാവുക. അതിനു താഴെ ഉള്ളവരെ പൊതുവേ വിളിക്കുന്നത്‌ പുറത്തു പറയാന്‍ കൊള്ളില്ല.
എന്നാല്‍ മനുഷ്യനും അല്ല പരിണാമത്തിന്റെ അവസാനം.
ചിന്തകള്‍ ഉള്ളത് കൊണ്ട് ഒരു കാര്യം പല രീതിയില്‍ ആലോചിച്ചു തീരുമാനം എടുക്കാം. ഉദാഹരണത്തിന് ചിതശേഷിയുള്ള പൂച്ച ആയിരുന്നെങ്കില്‍ എലി ചാടുമ്പോള്‍ പൂച്ച ചിന്തിക്കാന്‍ തുടങ്ങിയേനെ.
"ഇവനെ എന്ത് ചെയ്യണം ?"
കൊല്ലണോ ? കൊല്ലണ്ടേ ? അതോ വേറെ എന്തെങ്കിലും ചെയ്യണോ ? അതോ ഒന്നും ചെയ്യണ്ടേ ? ഇതിനാണ് ചിന്താശക്തി എന്ന് പറയുന്നത്.
മനുഷ്യര്‍ക്ക് ചിന്താശക്തി ഉണ്ടെങ്കില്‍ എല്ലാ കാര്യങ്ങളിലും ശരിയായ തീരുമാനം എടുക്കാന്‍ പറ്റും. ഇല്ലെങ്കില്‍ ചോദനകള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കും. എടുത്തു പോവും. ഒഴിഞ്ഞു നില്‍കാന്‍ പറ്റില്ല.
പക്ഷെ മനുഷ്യനും സ്വസ്ഥത ശാശ്വതം ആവില്ല. ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാം എന്നല്ലാതെ അങ്ങനെ എടുക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് താല്‍കാലിക ശാന്തിയെ കിട്ടുകയുള്ളൂ. മാത്രവുമല്ല ചിലപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിയും പോകാം. അത് കണ്ടു മൃഗാവസ്ഥയിലുള്ള മനുഷ്യര്‍ അലറിച്ചിരിക്കും.
മൃഗങ്ങള്‍ക്ക് രസിക്കുന്നത് തന്നെക്കാള്‍ താഴെ ഉള്ളവരെയാണ്. ഉദാഹരണത്തിന് ഒരു ആനയെ കണ്ടാല്‍ ഒരു പട്ടി "എന്റെ ദൈവമേ !" എന്ന് മോങ്ങിപ്പോവും. പട്ടിയുടെ മനസ് കൊഞ്ഞാട്ടയാവും. ഉള്ളില്‍ ഉണ്ടായ ആന്തല്‍ ജന്മത്തു പോവില്ല.
എന്നാല്‍ അതെ പട്ടി ഒരു പാവം പന്നിയെ കണ്ടാലോ ? പട്ടിയുടെ വീര്യം കൂടും. പന്നിയെ ഓടിച്ചിട്ട് കടിക്കും. കൂടെ സഹപട്ടികളും കൂടും. പന്നിയോ "പോടാ പട്ടി " എന്ന് തെറി വിളിച്ചിട്ട് ഓടും.
ഇത് തന്നെ ആണ് മൃഗാവസ്ഥയിലുള്ള മനുഷ്യരുടെയും അവസ്ഥ. തന്നെക്കാള്‍ മേലെ ഉള്ളവരെ കണ്ടില്ല എന്ന് നടിക്കും. അവര്‍ വിളിച്ചാല്‍ "ന്തോ?" ന്നു വിളികേട്ടു വാല് കാലുകള്‍ക്കിടയില്‍ തിരുകി ഭവ്യമായി നില്‍ക്കും. അങ്ങനെ നില്കുമ്പോഴും 'ഇവനെ എങ്ങനെ ഒതുക്കാം, പണി കൊടുക്കാം' എന്നോ മറ്റോ ആവും ഇഷ്ടന്റെ ചിന്ത.
എന്നാല്‍ തന്നെക്കാള്‍ താഴെ ഉള്ളവരെ കണ്ടാലോ ? കുരച്ചു ചാടും !
അപ്പോള്‍ മൃഗം, മനുഷ്യന്‍ എന്നിവ എന്താണെന്ന് മനസ്സിലായി. മനുഷ്യമൃഗം എന്നാല്‍ ഇത് രണ്ടും ചേര്‍ന്ന കൊഴുക്കട്ട അവസ്ഥ. കണ്ടാല്‍ തിരിച്ചറിയാന്‍ പാടാ. മനുഷ്യന്‍ ആണെന്ന് തന്നെ തോന്നും . ഭവ്യമായി പെരുമാറുകയും ചെയ്തേക്കാം. അണ്ടിയോടടുക്കുമ്പോള്‍ ആണ് പുളി അറിയാന്‍ പോകുന്നത്. സ്ത്രേഎകല്ക്കു ഇവരെ നന്നായി അറിയാം. കാരണം ഈ അണ്ണന്മാരുടെ ഒരേ ഒരു ദൌര്‍ബല്യം ആണ് സ്ത്രീകള്‍. എങ്ങിനെ തുടങ്ങി എങ്ങനെ അവസാനിച്ചു എന്ന് സ്ത്രീകളോട് ചോദിച്ചാല്‍ പറഞ്ഞു തരും.
അപ്പോള്‍ എന്തൊക്കെ പഠിച്ചു ? ചോദനകള്‍ക്കുള്ളില്‍ ഉള്ള അവസ്ഥ ആണ് മൃഗം എന്ന് പറയുന്നത്. മൃഗാവസ്ഥയില്‍ ചിന്ത ഇല്ല.
മനസ് ചിന്ത ഉള്ളപ്പോള്‍ മനുഷ്യന്‍ ആയി. പിന്നെ മൃഗം അല്ല.
മനുഷ്യരൂപം ഉള്ള മൃഗാവസ്ഥ ഉണ്ട്. അവിടെ ചിന്തകള്‍ ചോദനകള്‍ക്ക് ഉള്ളില്‍ ആയിരിക്കും.
മനുഷ്യനില്‍ പരിണാമം അവസാനിക്കുന്നില്ല. മനുഷന്‍ അസ്വസ്ഥന്‍ ആയിരിക്കും. അന്വേഷിച്ചും പ്രവര്‍ത്തിച്ചും കൊണ്ടേ ഇരിക്കും.
ബുദ്ധന്‍ ആവുന്നത് വരെ.
അപ്പോള്‍ മനസ് ശാന്തമാവും. അതിന് മുന്‍പ് സംശയങ്ങള്‍ കാണും. ഭയവും.
ബുദ്ധന്‍ എന്നാല്‍ ബോധോദയം ഉണ്ടായ മനുഷ്യന്‍ എന്നെ അര്‍ഥം ഉള്ളു.
നബിയും യേശുവും ഓഷോയും വിവേകാനന്ദനും ശ്രീനാരായണ ഗുരുവും ഒക്കെ ബുദ്ധന്മാര്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം. സ്വയം അറിവുള്ളവര്‍ എന്ന അര്‍ഥത്തില്‍. ഇവര്‍ക്കെല്ലാം ബോധോദയം ഉണ്ടായോ എന്ന് ഇപ്പോള്‍ ചോദിക്കരുത്. അവരുടെ ഒക്കെ സ്വഭാവം ശ്രദ്ധിക്കുക. ഒറ്റയ്ക്ക് നടക്കാന്‍ ഭയം ഉണ്ടാവില്ല. നല്ല നേതൃഗുണങ്ങള്‍. പൊതുവേ സൌമ്യത. മനുഷ്യസ്നേഹം.
ഇതിനിടയ്ക്കാണ് മിക്ക ചിന്തിക്കുന്ന മനുഷ്യരും എത്തപ്പെടുന്നത്. അതായതു മനുഷ്യനും ബുദ്ധനും ഇടയില്‍. ഇത് വായിക്കുന്നവര്‍ പലരും അങ്ങനെ ആയിരിക്കും. തല്‍കാലം അവരെ നമുക്ക് മനുഷ്യബുദ്ധന്‍ എന്ന് വിളിക്കാം. ചുമ്മാ.
മനുഷ്യത്തം ഉള്ളവന്‍ ആണ് മനുഷ്യന്‍. ബുദ്ധന്‍ ആയില്ലെങ്കിലും സാരമില്ല. മനുഷ്യത്തം കളയരുത്.
ഇനി നെഞ്ചില്‍ കൈ വച്ച് പറയുക.
നിങ്ങള്‍ മൃഗമോ മനുഷ്യമൃഗമോ മനുഷ്യനോ അതോ മനുഷ്യബുദ്ധനോ ?
കാരണം ഒറിജിനല്‍ ബുദ്ധന്‍ ഇത് വായിക്കുകയില്ല.

No comments:

Post a Comment