Friday, 7 March 2014

ഉഡായിപ്പ് മതം

ഉഡായിപ്പ് മതം

നമുക്ക് പുതിയൊരു മതം തുടങ്ങിയാലോ ?

ഇങ്ങനെ ചിന്തിക്കാന്‍ കാരണം എല്ലാ മതങ്ങളുടെയും പോരായ്മകള്‍ ആണ്. എല്ലാം കൊള്ളാം. പക്ഷെ ഒന്നും അത്ര അങ്ങട് പോര. ഇല്ലേ ?

അത് കൊണ്ട് ഒരു പുതിയ മതം തുടങ്ങിയാലോ ? ഉഡായിപ്പു മതം എന്നോ മറ്റോ പേരും ഇടാം. ഡിങ്കന്‍ സര്‍വ സമ്മതന്‍ ആയതു കൊണ്ട് അങ്ങോരെ ദൈവം ആക്കാവുന്നതാണ്‌. പക്ഷെ ഡിങ്കന്‍ തന്നെ വേണം ദൈവം എന്ന് ഒരു നിര്‍ബന്ധവും ഇല്ല എന്നതായിരിക്കണം പുതിയ മതത്തിന്റെ കാതല്‍. ഏതു ദൈവത്തിനെയും ആരാധിക്കാം. എല്ലാം ഒരേ ദൈവത്തിന്റെ പല ഭാവങ്ങള്‍ എന്ന് കരുതിയാല്‍ മതി. കുറച്ചു പുരോഗമനം ഒക്കെ വേണ്ടേ ?

ഇനി ദൈവം വേണ്ട എന്നുള്ളവര്‍ക്ക് അങ്ങനെയും ആകാം.

പരിണാമവാദമോ സൃഷ്ടിവാദമോ എന്നല്ല വേറെ എന്തെങ്കിലും വാതം സോറി വാദം ഉണ്ടെങ്കിലും എല്ലാം അംഗീകരിക്കണം. എന്തായാലും എത്ര അധികം ആളുകളെ കൂട്ടാമോ എന്നതായിരിക്കും പുതിയ മതത്തിന്റെ ആകെ ലക്‌ഷ്യം. അതിനു ചില ഉഡായിപ്പുകള്‍ ആദ്യമേ എടുക്കേണ്ടി വന്നേക്കാം. ഏതു മതം തുടങ്ങുന്നതിലും ഒരു ത്യാഗത്തിന്റെ (അഥവാ കാലുവാരലിന്റെ) കഥ ഉള്ളത് കൊണ്ട് ഇവിടെയും ആകാം.

ഉദാഹരണമായി;

ഇപ്പോഴത്തെ മത വിശ്വാസം ഒരു പ്രശ്നമേ അല്ല എന്ന് നിബന്ധന വയ്ക്കണം. ഏതു മതത്തില്‍ നിന്ന് നമ്മുടെ പുതിയ ഉഡായിപ്പ് മതത്തിലേക്ക് വന്നാലും പഴേ രീതികള്‍ അഭംഗുരം തുടരാവുന്നതാണ്. കാരണം ഉഡായിപ്പ് മതത്തില്‍ കെട്ടിടങ്ങളോ പൂജാരികളോ ഉണ്ടാവില്ല. തോന്നുന്ന പോലെ പൂജകള്‍ ചെയ്യാം. ഹിന്ദുവിനെ പോലെ തൊഴുകുകയോ ക്രിസ്ത്യാനിയെ പോലെ കുരിശു വരയ്ക്കുകയോ മുസ്ലിമിനെ പോലെ നമാസ് എടുക്കുകയോ ആവാം. ഒക്കെ സ്വയം ചെയ്തോളണം എന്നെ ഉള്ളു.

പുതിയ മതത്തിന് പാഷണത്തില്‍ കൃമികള്‍ ആയ കുറച്ചു മത മേധാവികളും അവരുടെ പേരില്‍ ഉള്ള ഒരു ബാങ്ക് അക്കൗണ്ടും മാത്രമേ ഉണ്ടാവുകയുള്ളൂ. മതമേധാവികള്‍ക്ക് ശല്യം ഇല്ലാതെ പുട്ടടിച്ചു കൊണ്ട് അനുയായികള്‍ക്ക് വേണ്ടി ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനും വേണ്ടി മാത്രം ഉള്ള ഒരു ഏര്‍പ്പാട്.

എന്ത് ഭക്ഷണവും കഴിക്കാം. മദ്യം, മയക്കുമരുന്ന്, മുറുക്ക് പുകയില, വ്യഭിചാരം ഒന്നും തടസ്സമല്ല. അതില്‍ ഏര്‍പ്പെടുന്നവര്‍ ഒരു പിഴ മതത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കണം എന്നേ ഉള്ളു. അത് ഉപയോഗിച്ചു അനുയായികളുടെ പ്രവര്‍ത്തിയുടെ ഫലങ്ങളില്‍ മനം നൊന്തു വേദനിച്ചു അതിന്റെ തിക്തഫലങ്ങള്‍ ഇല്ലാതാക്കാന്‍ മത മേധാവികള്‍ ദൈവപ്രീതിക്ക്‌ പ്രത്യേക ഡിന്നര്‍ പാര്‍ട്ടി നടത്തുന്നതായിരിക്കും.

ഉഡായിപ്പ് മതത്തില്‍ ചേരുന്നവര്‍ക്ക്‌ എല്ലാം അവരുടെ ഒറിജിനല്‍ മതങ്ങളില്‍ കിട്ടുന്ന മെച്ചങ്ങള്‍ കൂടാതെ മറ്റു മതങ്ങളില്‍ എല്ലാം കിട്ടുന്ന എല്ലാ ഗുണങ്ങളും കിട്ടുന്നതായിരിക്കും. അതാണ്‌ ഈ പുതിയ മതത്തിന്റെ സ്ഥാപക ഉദ്ദേശം തന്നെ. ഇപ്പോള്‍ ഏതെങ്കിലും മതത്തില്‍ പെട്ട് ഉഴലുന്നവര്‍ക്ക് നല്ലൊരു രക്ഷാ മാര്‍ഗം ആണ് അത്.

ഉദാഹരണത്തിന് ഹിന്ദു മതത്തില്‍ ജനിച്ചവര്‍ക്കു മരിച്ചു കഴിഞ്ഞു സ്വര്‍ഗം എന്നൊരു ഏര്‍പ്പാട് ഇല്ല. ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ പണിയാണ്. പിന്നെ അല്ലെ സ്വര്‍ഗം. പിന്നെ മാംസ ഭക്ഷണം പാടില്ല. അസത്യം പറയരുത്. നന്നായി പെരുമാറണം തുടങ്ങി കുറെ പൊല്ലാപ്പുകള്‍ വേറെയും.

ഇവിടെ ആണ് നമ്മുടെ പുതിയ ഉഡായിപ്പ് മതത്തിന്റെ പ്രസക്തി.

ഉഡായിപ്പ് മതത്തില്‍ ചേര്‍ന്നാല്‍ പിന്നെ എല്ലാം ഫ്രീ ആണ്. ഒരു ചെറിയ ഫീ ഉണ്ടാകും എന്നെ ഉള്ളു. സുഗമമായ നടത്തിപ്പിന് വേണ്ടി മാത്രം.

ഉദാഹരണത്തിന് ഉഡായിപ്പ് മതാനുയായിക്ക് എന്ത് ഭക്ഷണവും കഴിക്കാം. ഹിന്ദു ആയിരുന്ന ആള്‍ ഉഡായിപ്പ് മതത്തില്‍ ചേര്‍ന്നു എന്ന് വയ്ക്കുക. അയാള്‍ക്ക്‌ ഹിന്ദു മതത്തില്‍ തുടര്‍ന്ന് കൊണ്ട് തന്നെ മുസ്ലിങ്ങളെ പോലെ മാംസം ഭക്ഷിക്കുകയോ ക്രിസ്ത്യാനിയെ പോലെ വെള്ളമടിക്കുകയോ ചെയ്യാം. ആകെ ശ്രദ്ധിക്കാന്‍ ഉള്ളത് എന്ത് വിലക്കപ്പെട്ടതാണോ ചെയ്യുന്നത് അതിനുള്ള ഒരു ഫീ ഉഡായിപ്പ് മതത്തിന്റെ അക്കൌണ്ടില്‍ അടയ്ക്കണം എന്നെ ഉള്ളു.

പണം കിട്ടിയാല്‍ ഉടന്‍ തന്നെ അനുയായിയുടെ പ്രവര്‍ത്തി മറ്റു മതക്കാരുടെ പ്രവര്‍ത്തിയുമായി ഇടകലര്‍ത്തി ദൈവത്തിനു എന്നല്ല പടച്ച തമ്പുരാന് പോലും കണ്ടു പിടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആക്കി ഇന്റര്‍ ലൂപ് ചെയ്യും. അതാണ്‌ മത മേധാവികളുടെ ജോലി.

ഉദാഹരണത്തിനു ഒരു ഹിന്ദു ഉഡായിപ്പ് മതത്തില്‍ ചേര്‍ന്ന ശേഷം മാംസം ഭക്ഷിച്ചു എന്ന് വയ്ക്കുക. ഒരു ചെറിയ ഫീ അദ്ദേഹം ഉഡായിപ്പ് മത അക്കൌണ്ടില്‍ അടച്ചു തന്‍റെ പ്രവര്‍ത്തി നേരെ ആക്കി റെഗുലറൈസ് ചെയ്യാന്‍ ഉള്ള അപേക്ഷ ഓണ്‍ ലൈനില്‍ കൊടുക്കുക. ഇ മെയില്‍, ബ്ലൂ ടൂത്ത് ഒക്കെ ആയാലും മതി.

മത മേധാവികള്‍, ഹിന്ദു മാംസം കഴിച്ച പ്രവര്‍ത്തി ഒരു മുസ്ലിം അനുയായിയുടെ അക്കൌണ്ടിലേക്ക് മാറ്റും. പിന്നെ ദൈവം നോക്കുമ്പോള്‍ മുസ്ലിം ആണ് മാംസം ഭക്ഷിച്ചത് എന്ന് മനസ്സിലാക്കി ഹിന്ദുവിനെ വെറുതെ വിടും. ഇതാണ് പുതിയ ഉഡായിപ്പ് മതം കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം ദൈവത്തിനെ ഒരു ഉഡായിപ്പ് കാണിച്ചു തെറ്റി ധരിപ്പിക്കുക മാത്രം ചെയ്യാന്‍ ആണ് പുതിയ മതം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഈ പ്രത്യുപകാരത്തിനായി ഹിന്ദു അനുയായി അടച്ച ഫീസ് മുസ്ലിം അനുയായിക്ക്‌ അയച്ചു കൊടുക്കും. "ഓ പണം കിട്ടി. എന്റെ പേരില്‍ മാംസം ഭക്ഷിച്ച കേസ് ഇട്ടോ. കൂടുതല്‍ ആളുകള്‍ ഇതേ പ്രവര്‍ത്തി ചെയ്തോളുക. അല്ലാഹുവിനോട് ഞാന്‍ പറഞ്ഞോളാം' എന്നൊരു സമ്മത സന്ദേശം മുസ്ലിം ഹിന്ദുവിനു കൊടുക്കും. അതാണ്‌ ഉഡായിപ്പ് മതത്തിന്റെ പ്രവര്‍ത്തന രീതി. ഇനി ഹിന്ദുവിന് എത്ര വേണെമെങ്കിലും മാംസം ഭക്ഷിക്കാം. കൊളസ്ട്രോള്‍ കൂടാതെ നോക്കണം എന്നെ ഉള്ളു.

ഇങ്ങനെ ഏതു മതത്തിന്റെ ഏതു വിലക്കപ്പെട്ട പ്രവര്‍ത്തിയും അത് അംഗീകരിക്കുന്ന മറ്റൊരു മത വിശ്വാസിയുടെ അക്കൌണ്ടിലേക്ക് മാറ്റുക എന്ന ഉഡായിപ്പ് ആണ് പുതിയ മതം ചെയ്യുക.

മറ്റൊരു ഉദാഹരണത്തിന് ഒരു മുസ്ലിമിന് കള്ളു കുടിക്കണം എന്ന് വയ്ക്കുക. സ്വന്തം മതത്തില്‍ ഇത് ഹറാം ആണ്. അള്ളാഹു സമ്മതിക്കില്ല. എന്നാല്‍ ക്രിസ്തുമതത്തില്‍ ഇത് അനുവദനീയമാണ് താനും. ഹറാം അല്ല ഹരം. എന്നാല്‍ മതം മാറി ക്രിസ്ത്യാനി ആകാം വെള്ളമടിക്കാം എന്ന് വച്ചാലോ ? അരിഞ്ഞു കളയും !

ചുറ്റിയോ ? ഇതിനു എന്താ പോംവഴി ?

സംശയിക്കണ്ട. ഉടന്‍ ഉഡായിപ്പ് മതത്തില്‍ ചേരുക. മുസ്ലിം ആയിരുന്നു കൊണ്ട് തന്നെ ഇഷ്ടം പോലെ വെള്ളം അടിച്ചോളുക. കരള്‍ വാടുന്നത് മാത്രം നോക്കിയാല്‍ മതി. ദൈവകോപം ഉഡായിപ്പ് മതമേധാവികള്‍ വേറൊരു വഴിക്ക് തിരിച്ചു വിട്ടു കാര്യം ശരിയാക്കിത്തരും. അതായത് ഉഡായിപ്പ് മതാനുയായി ആയ ഒരു കൃസ്ത്യാനിയുടെ പേരില്‍ മുസ്ലിമിന്റെ കള്ളുകുടി മാറ്റും. ക്രിസ്ത്യാനി ഒരു ചെറിയ ഫീസ്‌ ഈടാക്കിയശേഷം 'മുസ്ലിമിന്റെ കള്ള്കുടിയുടെ പാപം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു' എന്ന് സന്ദേശം അയയ്ക്കും. അതോടെ ദൈവം വെട്ടിലാവും. മനസ്സിലായോ ?

ആരെയും പറ്റിക്കാതെ വെറും ചില കണക്ഷന്‍ പ്രക്രിയകളിലൂടെ മാത്രം ഒരു മതാനുയായിയുടെ പാപങ്ങള്‍ മറ്റൊരു മതാനുയായിയുടെ അക്കൌണ്ടിലേക്ക് അയാളുടെ സമ്മതത്തോടെ മാറ്റി എല്ലാവര്‍ക്കും എല്ലാം ചെയ്യാന്‍ ഉള്ള സുവര്‍ണാവസരം ഒരുക്കുക എന്നതാണ് ഉഡായിപ്പ് മതത്തിന്റെ സ്ഥാപിത ലക്‌ഷ്യം.

ഇതില്‍ വേറെ ഒരു ഉഡായിപ്പും ഇല്ല എന്ന് മനസ്സിലായല്ലോ ?

താല്പര്യമുള്ളവര്‍ താഴെ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് 1000 രൂപയില്‍ കുറയാത്ത തുക അയയ്ക്കുക. അധികം ഉള്ള തുക ഭാവിയിലെ പ്രവര്‍ത്തി ദോഷങ്ങള്‍ മറ്റു മതാനുയായികളുടെ പേരിലേക്ക് മാറ്റി പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഉപയോഗിക്കുന്നതായിരിക്കും.

ഉഡായിപ്പ് മതം
സിണ്ടിക്കേറ്റ് ബാങ്ക്, മുംബൈ -20
A/C No: 50002010038657
IFSC : SYNB0005035

എല്ലാ മതത്തിലെയും ഓരോ അംഗങ്ങളെ ഭാരവാഹി ആയി എടുക്കുന്നതായിരിക്കും. ഓരോരുത്തരുടെ പ്രവര്‍ത്തി ദോഷങ്ങള്‍ മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവയ്ക്കാന്‍ അറിയാവുന്നവര്‍ മാത്രം അപേക്ഷിക്കുക.

ഒരാളുടെ പ്രവര്‍ത്തി ദോഷം ഏറ്റെടുക്കാന്‍ സമ്മതം ഉള്ള അന്യമതാനുയായിക്ക് നഷ്ടപരിഹാരം അല്ലെങ്കില്‍ ഉപകാര സ്മരണ എന്ന നിലയില്‍ പാപ പരിഹാരം വേണ്ട ആളുടെ പോക്കറ്റില്‍ നിന്ന് ഈടാക്കുന്ന പിഴ ഒരു ചെറിയ നടത്തിപ്പ് ചെലവു (99 %) കഴിച്ചു ബാക്കി ഉണ്ടെങ്കില്‍ സൗകര്യം പോലെ അയച്ചു കൊടുക്കുന്നതാണ്.

എല്ലാവര്‍ക്കും സ്വാഗതം.

ജയ് ഉഡായിപ്പ് മതം.

മതങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിറുത്തുക. എല്ലാ മതങ്ങളുടെയും ഗുണങ്ങള്‍ ഓണ്‍ ലൈന്‍ ആയി അനുഭവിക്കാന്‍ പുതിയ ഉഡായിപ്പ് മതത്തില്‍ ചേരുക. വിശ്വാസി, അവിശ്വാസി, അന്ധവിശ്വാസി, മത ഭ്രാന്തന്‍, സാദാ ഭ്രാന്തന്‍, ഞരമ്പ് രോഗികള്‍, വടക്ക് നോക്കി യന്ത്രങ്ങള്‍, അത്ഭുതദ്വീപിലെ കുള്ളന്മാര്‍, വ്യഭിചാരികള്‍, മാംസഭുക്കുകള്‍, മദ്യപാനി, പുകവലിക്കാര്‍, മയക്കുമരുന്നിനു അടിമകള്‍, മോഷ്ടാക്കള്‍, രാഷ്ട്രീയക്കാര്‍ പുരോഹിതര്‍ തുടങ്ങി ആര്‍ക്കും ചേരാം. വില തുച്ഛം ഗുണം മെച്ചം.


 പുതിയ ഉഡായിപ്പ് മതത്തില്‍ ചേരുക. അടിമ എന്നല്ല യജമാനത്തിയെ തന്നെ ഭോഗിക്കാം. ഒരു ചെറിയ ഫീസ്‌ അടച്ചാല്‍ മതി. എല്ലാ പാപങ്ങളും അത് സ്വീകരിക്കാന്‍ തയ്യാറുള്ള മറ്റൊരാളുടെ പോടളിക്ക് വച്ചു കൊടുക്കുന്നതാണ്. ഉഡായിപ്പ് മതത്തില്‍ ചേര്‍ന്നാല്‍ പിന്നെ മുസ്ലിമിന് മദ്യപിക്കാം. ഹിന്ദു വിനു മാംസം ഭക്ഷിക്കാം. ക്രിസ്ത്യാനിക്ക് നാല് കെട്ടാം. മുസ്ലിമിന് പുനര്‍ജ്ജന്മം എടുക്കാം. ഹിന്ദു വിനു സ്വര്‍ഗത്തു പോകാം.. അങ്ങനെ എല്ലാ മതങ്ങളിലെയും സൌകര്യങ്ങള്‍ ഒറ്റ മതത്തില്‍. അതാണ്‌ പുതിയ ഉഡായിപ്പ് മതം. വരുവിന്‍ ചേരുവിന്‍ ആനന്ദിപ്പിന്‍. ഓണ്‍ ലൈന്‍ ആയി ചേരാം. ഇപ്പോഴത്തെ മതത്തില്‍ നിന്ന് കൊണ്ട് തന്നെ മറ്റു മതങ്ങളുടെ സുഖസൌകര്യങ്ങള്‍ കൂടി അനുഭവിക്കുക. ഇനി തര്‍ക്കങ്ങളുടെ ആവശ്യം ഇല്ല.

No comments:

Post a Comment