Friday, 7 March 2014

ബ്രഹ്മാവിന്റെ ഒരു ദിവസം = സൂര്യന്റെ ജീവിത കാലം !

ബ്രഹ്മാവിന്റെ ഒരു ദിവസം = സൂര്യന്റെ ജീവിത കാലം !

4.32 ബില്ല്യണ്‍ മനുഷ്യ വര്‍ഷങ്ങള്‍ ആണ് ബ്രഹ്മാവിന്റെ ഒരു രാത്രി. 311.040 ട്രില്ല്യന്‍ വര്‍ഷങ്ങള്‍ ബ്രഹ്മാവിന്റെ ആയുസ് എന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നു.

എന്താ ഇതിന്റെ അര്‍ഥം ?

അഥവാ ഇതിനു വല്ല അര്‍ത്ഥവും ഉണ്ടോ ?

മില്ല്യന്‍ എന്നാല്‍ പത്തു ലക്ഷം. ബില്ല്യന്‍ എന്നാല്‍ ആയിരം മില്ല്യന്‍ അതായത് നൂറു കോടി. ട്രില്ല്യന്‍ എന്നാല്‍ ആയിരം ബില്ല്യന്‍ അതായതു ഒരുലക്ഷം കോടി.

ആധുനിക ശാസ്ത്ര കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 5 billion മനുഷ്യ വര്‍ഷങ്ങള്‍ ആണ് സൂര്യന്റെ ഇന്നത്തെ പ്രായം. ശാസ്ത്രം, ഉപകരണങ്ങള്‍ എന്നിവ ഒന്നും ഇല്ലാതിരുന്ന കാലത്തെ പൌരാണിക കണക്കുകൂട്ടലിലും ആധുനിക ശാസ്ത്രപരമായ കൃത്യമായ കണക്കിലും ഈ കാലയളവുകള്‍ എത്ര കൃത്യമായി അടുത്തിരിക്കുന്നു എന്ന് നോക്കുക.

ഇനി 5 billion മനുഷ്യ വര്‍ഷങ്ങള്‍ കൂടി (സൂര്യന്‍ കത്തും എന്ന് കരുതപ്പെടുന്നു. അതായതു ബ്രഹ്മാവിന്റെ ഒരു ദിവസം എന്നാല്‍ ഒരു സൂര്യന്റെ ജീവിത കാലം എന്ന് ധ്വനിക്കുന്നു.

ഇത് യാദൃശ്ചികം ആണോ ? ആകാന്‍ വഴിയില്ല.

ഒരേ സമയം കോടാനുകോടി സൂര്യന്മാര്‍ ആണ് ഉണ്ടായി നിലനിന്നു കത്തിക്കൊണ്ടിരിക്കുന്നത്. ഇവയോടനുബന്ധിച്ചു ഭൂമികളും അവയില്‍ ഒക്കെ ജീവനും ഉണ്ടാകും. ഒരു ഭൂമിയിലെ ജീവിതവുമായി ഒരു ബന്ധവും മറ്റൊരു ഭൂമിയിലെ ജീവന് ഉണ്ടാവില്ല.

അതായതു എല്ലാ ഭൂമികളിലും വായു, വെള്ളം, ജീവജാലങ്ങള്‍ ചെടികള്‍ ഒക്കെ ഉണ്ടാകും. പഞ്ചേന്ദ്രിയങ്ങളും മനസ്സും ശരീരവും ബുദ്ധിയും ഉള്ള മനുഷ്യരൂപികളും ഉണ്ടാകും. പക്ഷെ കാലം ഓരോ ഭൂമിയിലും വ്യത്യസതം ആയിരിക്കും.

പരിണാമം പൂര്‍ണം ആയ ഭൂമികളില്‍ ബുദ്ധന്മാര്‍ (ബോധോദയം ഉണ്ടായവര്‍) മാത്രമേ ഉണ്ടാകൂ. അതോടെ ആ പരിണാമ ചക്രം പൂര്‍ത്തിയായി.

കടലിലെ ജലം നീരാവി ആയി മഴയായി അരുവി ആയി നദി ആയി ഒഴുകിയൊഴുകി വീണ്ടും കടലില്‍ എത്തുന്നത് പോലെ തന്നെ.

പിന്നെ അടുത്ത ഭൂമി ഉണ്ടാവും ! ജീവന്‍ ജലത്തില്‍ ഏകകോശ ജീവിയായി പിറന്നു ബുദ്ധനില്‍ അവസാനിക്കും.

ഈ ചക്രത്തിന് അവസാനം ഉണ്ടാവുന്നത് ഇന്ന് കാണുന്നതും ഭാവിയില്‍ ഉണ്ടാകാന്‍ ഇരിക്കുന്നതും ആയ എല്ലാ സൂര്യന്മാരുംപൂര്‍ണമായി കത്തി തീരുമ്പോള്‍ ആണ്. ലോകത്ത് ഏറ്റവും അധികം കാലം നില്‍കുന്ന വസ്തു ചുവന്ന കുള്ളന്‍ (Red Dwarf) ഇനത്തില്‍ പെട്ട ചെറിയ നക്ഷത്രങ്ങള്‍ ആണ്. അവയുടെ ആയുസ് അങ്ങേ അറ്റം 10 ട്രില്ല്യന്‍ (പത്തുലക്ഷം കോടി) വര്‍ഷങ്ങള്‍. ചുവന്ന കുള്ളന്റെ ജീവിത കാലത്ത് അസംഘ്യം പുതിയ സൂര്യന്മാര്‍ ഉണ്ടായി കത്തിജ്വലിച്ചു കറുത്ത ദ്വാരം (Black hole) ആയി മാറിയിട്ടുണ്ടാകും.

അങ്ങനെ ഇന്ന് നക്ഷത്രങ്ങള്‍ മിന്നി മിന്നി നില്കുന്നിടത്തു പ്രപഞ്ചം അവസാനിക്കാറാകുമ്പോളെക്കും ആകാശം നിറയെ കറുത്ത പൊട്ടുകള്‍ മാത്രം ആവും ! അവസാനത്തെ ഭൂമിയില്‍ നിന്ന് ഭാഗ്യം ഉള്ളവര്‍ അതൊക്കെ കാണും. പണ്ട് ആകാശം മുഴുവന്‍ നക്ഷത്രങ്ങള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവില്ല. കാരണം അവരുടെ സൂര്യന്‍ ആവും അവസാനത്തെ അതായതു പ്രപഞ്ചത്തില്‍ ആകെ അവശേഷിക്കുന്ന നക്ഷത്രം. വേറെ നക്ഷത്രങ്ങള്‍ ഒന്നും അവര്‍ കണ്ടിട്ടേ ഉണ്ടാവില്ല !

അവസാനം എല്ലാ കറുത്തദ്വാരങ്ങളും (Black holes) കൂടി പരസ്പരം ആകര്‍ഷിച്ചു ഒത്തു ചേര്‍ന്ന് പ്രപഞ്ചത്തിന്റെ പിണ്ഡം മൊത്തം ഒരു പോയിന്റില്‍ (singularity) ഒതുങ്ങും. അതിനാണ് The Big Crunch എന്ന് പറയുന്നത്. ഒരു മൊട്ടു സൂചിയുടെ തുമ്പത്തു പ്രപഞ്ചത്തിലെ ആകെ പിണ്ഡം (ഭാരം) ഒത്തുചേരുന്ന അവസ്ഥ ആണ് അത്.

ആ അവസ്ഥയില്‍ സ്ഥലം (Space) സമയം (Time) എന്നിവ ഉണ്ടാവില്ല. അഥവാ അത് അനുഭവിക്കാനുള്ള അവസ്ഥ അല്ല. അനന്തമായ പിണ്ഡം സൂക്ഷമായ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് സ്ഥൈര്യം ഉള്ള ഒരു അവസ്ഥ അല്ല. അത് നിലനില്കുന്ന ഒരു അവസ്ഥ അല്ലാത്തതിനാല്‍ വീണ്ടും പൊട്ടിത്തെറിക്കും. The Big Bang. പ്രപഞ്ചം വീണ്ടും ഉണ്ടാവും. സമയവും കാലവും വീണ്ടും സൃഷ്ടിക്കപ്പെടും. അഥവാ അനുഭവതലത്തില്‍ ആവും.

ഈ ബിഗ്‌ ബാംഗ് മുതല്‍ ബിഗ്‌ ക്രഞ്ച് വരെ ഉള്ള കാലയളവിനെ ആണ് ബ്രഹ്മാവിന്റെ ആയുസ്സ് എന്ന് പറയുന്നത്. 311.040 ട്രില്ല്യന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും എന്ന് ഹിന്ദു പുരാണം പറയുന്നു. അതോടെ ബ്രഹ്മാവിന്റെ കാലാവധി അവസാനിക്കും.

പിന്നെ പ്രളയം. അതായത് പ്രപഞ്ച പിണ്ഡം എല്ലാം കൂടി ഒത്തു ചേരുന്ന അവസ്ഥ. വീണ്ടും പുതിയ പ്രപഞ്ചം സൃഷ്ടിക്കാന്‍ ബ്രഹ്മാവ്‌ പുനര്‍ജനിക്കുന്നു ! അഥവാ ലീനമായ ബോധത്തില്‍ നിന്നും പ്രപഞ്ച മനസ് ഉണ്ടാവുന്നു.

പ്രളയകാലത്ത് ആലിലയില്‍ കൃഷ്ണന്‍ കിടന്നു പുഞ്ചിരിക്കും എന്നാണ് കഥ. ആലില എന്നാല്‍ ലോകമനസ്. അതില്‍ ബോധം അറിവ് തെളിഞ്ഞു വരും എന്ന് വ്യംഗ്യം. ലോക സൃഷ്ടി പരമാത്മാവിന്റെഒരു കുസൃതി പുരണ്ട നിഷ്കളങ്കമായ പുഞ്ചിരിയുടെ ഫലം ആണ് എന്ന് കരുതപ്പെടുന്നു.

No comments:

Post a Comment