Wednesday, 26 February 2014

ഓഷോ

ഓഷോ

ഒരു പച്ച മനുഷ്യനെ എങ്ങനെ ഒക്കെ തെറ്റിദ്ധരിക്കാം എന്നതിന്റെ തെളിവാണ് ഓഷോ. യുക്തിവാദികള്‍ എങ്കിലും ഓഷോയെ ശരിയായി അറിയണം. ഇല്ലെങ്കില്‍ ധരിക്കുന്നത് മതങ്ങള്‍ (അതായതു പുരോഹിതര്‍) ഓഷോയെ കണ്ടത് പോലെ ആകും.

മതങ്ങള്‍ക്ക് (പുരോഹിതര്‍ക്ക്) ഒരു അജണ്ട ഉണ്ട്. അതായത് ഒരു പ്രത്യേക വ്യക്തിയെ ഉയര്‍ത്തി പിടിക്കുക. എന്നിട്ട് പിന്നില്‍ നിന്ന് മനുഷ്യരുടെ പ്രതികരണം അനുസരിച്ച് നീക്കങ്ങള്‍ നടത്തുക. രാഷ്ട്രീയക്കാര്‍ ഒരു പാവം മനുഷ്യനെ മുന്നില്‍ നിറുത്തി പിന്നില്‍ ഇരുന്നു മൂക്കുമുട്ടെ വെട്ടുന്നത് പോലെ തന്നെ.

മന്‍ മോഹന്‍ സിങ്ങിനെയോ ആന്റണി യെയോ ഇന്ത്യന്‍ രാഷ്ട്രീയക്കാരെയോ അല്ല ഉദ്ദേശിച്ചത്. അങ്ങനെ തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം ആണ്.

ഓഷോ വ്യവസ്ഥാപിത മതങ്ങള്‍ക്ക് എതിരായിരുന്നു. കാരണം വ്യക്തം. ഓഷോയെ സംബന്ധിച്ചിടത്തോളം ആത്മീയത എന്നത് മതങ്ങള്‍ (പുരോഹിതര്‍) ധരിച്ചു വച്ചിരിക്കുന്ന പോലെ നിര്ഗുണമായ ഒന്നല്ല. മറിച്ചു, സ്വന്തം സത്തയെ അന്വേഷിക്കല്‍ ആണ് ആത്മീയത എന്നാണ് ഓഷോ പറഞ്ഞത്. അതിനു മതങ്ങളുടെയോ പ്രവാചകരുടെയോ ദൈവത്തിന്റെയോ പുരോഹിതരുടെയോ ആവശ്യം ഇല്ല. പിന്നെയോ ? സ്വയം മാറ്റിനിറുത്തി ഉള്ള ഏകാന്ത ധ്യാനം.

ഓഷോ ജീവിച്ചിരുന്ന കാലത്ത് ലോകം ഒരു സന്ദിഗ്ധാവസ്ഥയില്‍ ആയിരുന്നു. അമേരിക്കയില്‍ ഹിപ്പിയിസം, യുറോപ്പില്‍ അസ്തിത്വവാദം. ലൈംഗികത പാപം എന്ന് ക്രൈസ്തവ സഭ. ഹൈന്ദവ ആചാര രീതികളോട് മതിപ്പില്ലായ്മ. ഇസ്ലാമിലെ ആണ്‍ മേധാവിത്വം. ആകെ കണ്ഫ്യുഷന്‍.

ഓഷോ നേരെ ലൈംഗികതയില്‍ കയറി പിടിച്ചു. ലൈംഗികത സ്വാഭാവികം ആണെന്നും അതില്‍ ലജ്ജിക്കാന്‍ ഒന്നും ഇല്ല എന്നും ഓഷോ തുറന്നടിച്ചു.

ഓര്‍ക്കുക. ഇന്നു പോലും ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ആളുകള്‍ മടിക്കും. അത്തരക്കാരെ മോശക്കാര്‍ ആയി കണ്ട കാലം ഓര്‍ത്ത്‌ നോക്കുക. എങ്കിലോ ? ഈ പകല്‍ മാന്യന്മാര്‍ തന്നെ രാത്രി തലവഴി മുണ്ട് ഇട്ടു അത് തന്നെ ചെയ്യുകയും ചെയ്യും. അത് സംസ്കാരം എന്ന് തെറ്റിദ്ധരിച്ച കാലം.

യേശുവിനെ കുരിശില്‍ കയറ്റിയത് ആരാ ? സോക്രട്ടീസിനെ വിഷം കൊടുത്ത് കൊന്നത് എന്തിനു ? സോറയയെ കല്ലെറിഞ്ഞു കൊന്നത് ?

ഇതെല്ലാം ചെയ്തത് ആണുങ്ങള്‍ ആണ്. അതായതു മറ്റൊരാള്‍ തങ്ങളുടെ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്ന് തോന്നുമ്പോള്‍ ആണുങ്ങള്‍ സംഘടിച്ചു അയാളെ ഒറ്റപ്പെടുത്തി കൊച്ചാക്കുന്ന ഏര്‍പ്പാട്. ഇത് തുടങ്ങിയിട്ട് കാലം കുറെ ആയി. കാടത്തം എന്നാണ് പരിഷ്കൃത സമൂഹം ഇതിനെ വിളിക്കുന്നത്‌. പക്ഷെ അത് തന്നെ ഇന്നും തുടരുന്നു. കാര്യം എന്താ ? കാടന്മാര്‍ ആണ് കൂടുതല്‍. അത് തന്നെ കാരണം. അവര്‍ സ്വയം പൊക്കിപിടിക്കും. കണ്ടോ ഞാന്‍ ആണ് ഏറ്റവും കേമന്‍. ബാക്കി ഉള്ളവര്‍ക്ക് എല്ലാം എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ട് !

ഇത്തരക്കാര്‍ ആണ് സാധു മനുഷ്യരുടെ നേരെ ചന്ദ്രഹാസം ഇളക്കുന്നത്. കാരണം സ്ത്രീകളുടെ ശ്രദ്ധ തങ്ങളിലേക്ക് തന്നെ തിരിക്കുക എന്നതാണ് മിക്ക ആണുങ്ങളുടെയും ജീവിത ലക്‌ഷ്യം. താന്‍ 'ഫയങ്ങര സംഫവം' ആണെന്ന് സ്ത്രീകള്‍ പറയണം. എന്നാലും ചേട്ടന്‍ 'ഫയങ്ങരന്‍' തന്നെ എന്ന് സ്ത്രീകളെ കൊണ്ട് പറയിക്കണം. അതിന്റെ സുഖമൊന്നു വേറെ ! അതിന്റെ ഇടയ്ക്ക് ശ്രദ്ധ തിരിക്കുന്ന യേശുവും സോക്രട്ടീസും ഓഷോയും ഒക്കെ പോയി ചാവാന്‍ പറ !

കാരണം ഓഷോ യേശുവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ "അമിത വ്യാമോഹങ്ങള്‍ ഉണ്ടായിരുന്ന ഒരു നല്ല ചെറുപ്പക്കാരന്‍. പാവത്തിനെ ക്രൂശിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല".

ഇത് പുരോഹിത വര്‍ഗത്തിന്റെ ഉടായിപ്പുകള്‍ക്ക് നിരക്കുന്ന ഒന്നായിരുന്നില്ല. ഓഷോ പറയുന്നത് കേട്ടാല്‍ പിന്നെ ആളുകള്‍ പള്ളിയില്‍ പോകാതെ ആയി. സഭ ജനങ്ങളെ ആകര്‍ഷിക്കാന്‍ പറയുന്ന യേശുവിന്റെ അത്ഭുതങ്ങള്‍ ഒന്നും ജനങ്ങള്‍ വിശ്വസിക്കാതെ ആയി. അതാണ്‌ ഓഷോയെ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്നും പുറത്താക്കിയത്. അല്ലാതെ ഓഷോയുടെ കുഴപ്പം കൊണ്ട് അല്ല. മതങ്ങളുടെ കള്ളക്കളികള്‍ വെളിച്ചത്തു ആയതാണ് പ്രശ്നം.

ബൈബിള്‍ പ്രകാരം ഭൂമി ആണ് പ്രപഞ്ചത്തിന്റെ കേന്ദ്രം. സൂര്യന്‍ ഭൂമിയെ ചുറ്റുന്നു ! കൊപര്‍ നിക്കസ് കണ്ടുപിടിച്ചു ഭൂമി അല്ല പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന്. അതിനു ക്രൈസ്തവ സഭ എന്ത് ചെയ്തു ? സ്വയം തെറ്റ് തിരുത്തിയോ ? അത് ക്ഷീണം ആയി തോന്നി. പകരം കൊപര്‍ നിക്കസിനെ അങ്ങ് ചുട്ടു കൊന്നു ! എളുപ്പ വഴി !

തുടര്‍ന്ന് ഗലീലിയോ ഭൂമി ആണ് സൂര്യനെ ചുറ്റുന്നത്‌ എന്ന് കണ്ടു പിടിച്ചു. സഭയ്ക്ക് ദേഷ്യം വന്നു ! ഗലീലിയോവിനെ കൊണ്ട് സൂര്യന്‍ ആണ് ഭൂമിയെ ചുറ്റുന്നത്‌ എന്ന് പറയിച്ചതും ഇതേ സഭ ആണ്. ഓര്‍മ്മയുണ്ടോ ?

യേശു ഫയങ്ങര സംഫവം എന്ന് പോപ്പും കൂട്ടരും പറയും. കാരണം അതാണ്‌ അവരുടെ വരുമാന മാര്‍ഗം. ഇങ്ങനെ മറ്റു മതങ്ങളും പറഞ്ഞേക്കാം. മതങ്ങള്‍ നിലനിര്‍ത്തേണ്ടത് ആ മതത്തില്‍ ഉള്ളവരുടെ സ്വകാര്യ താല്പര്യം ആണ്. അതിനു പറ്റിയ കോടാലികളെ അവര്‍ പൊക്കി പിടിക്കും. സ്വന്തം കാര്യം കാണാന്‍ വേണ്ടി മാത്രം.

അല്ലാതെ മതങ്ങളില്‍ ആത്മീയതയോ ദൈവമോ ഇല്ല. മതങ്ങളെ നിയന്ത്രിക്കുന്ന സാദാ മനുഷ്യരുടെ താല്പര്യങ്ങള്‍ മാത്രം ആണ് മതങ്ങളില്‍ ഉള്ളത്.

ഇത് ആദ്യം പൊളിച്ചു അടുക്കിയതു ഓഷോ ആണ്. അതാണ്‌ മതങ്ങള്‍ക്ക് ഓഷോയോടു കലിപ്പ്. വേറെ കാര്യം ഒന്നും ഇല്ല.

ഇനി ഇതൊക്കെ പറഞ്ഞു 'ചെറുപ്പക്കാരെ വഴി തെറ്റിച്ചതിന്' സോക്രട്ടീസിനെ ചെയ്തത് പോലെ വിഷം കൊടുത്ത് കൊന്നു കളയാന്‍ ആവും പുരോഹിതരുടെയും മതഭ്രാന്തന്മാരുടെയും ആലോചന. ലോകം അവിടെ നിന്ന് മുന്നോട്ടു പോയിട്ടേ ഇല്ല.

ഓഷോ എഴുതിയത് വായിക്കുക. മനസ് സ്വതന്ത്രം ആവും. വിശ്വാസികളുടെ മനസ് അന്ധമായ വിശ്വാസങ്ങളില്‍ നിന്ന് സ്വതന്ത്രം ആവുന്നതാണ് മതങ്ങളുടെ പേടിയും. വിശ്വസിക്കുമോ ?

മറ്റുള്ള വരെ കുറിച്ച് ഓഷോ പറഞ്ഞത് കൂടുതല്‍ വായനയ്ക്ക് സഹായിച്ചേക്കും. (ചിലര്‍ ഓഷോയെ ഒരിക്കലും വായിക്കാതെ ഇരിക്കാനും സഹായിച്ചേക്കാം !)

മൊഹമ്മദ്‌ നബി : "സ്ത്രീകളെ കന്നുകാലികളെ പോലെ കണ്ട ഒരാള്‍"

ബുദ്ധന്‍ : "സ്ത്രീകളെ ഭയപ്പെട്ട ജീവിത വിദ്വേഷി"

മഹാവീരന്‍ : "മുഴുക്കിറുക്കന്‍"

മഹാത്മാ ഗാന്ധി : "സ്വയം പീഡകന്‍" (Masochist)

ഇനിയും എത്രയോ ഉണ്ട്. വായിക്കണം എന്ന് തോന്നുന്നവര്‍ വായിച്ചു സ്വന്തം തെറ്റിധാരണകളില്‍ നിന്നും രക്ഷപ്പെടുക.

അല്ലാത്തവര്‍ പുരോഹിതര്‍ പറയുന്ന അസത്യങ്ങളും വിഴുങ്ങി അങ്ങനെ ഇരുന്നു ചത്തോളുക.

No comments:

Post a Comment