Saturday, 21 December 2013

മതങ്ങളുടെ ആവശ്യം ഇനി ഇല്ല

മതങ്ങളുടെ ആവശ്യം ഇനി ഇല്ല

പണ്ടത്തെ കാട്ടാളന്മാരായ മനുഷ്യമൃഗങ്ങളെ ആദ്യം മനുഷ്യത്വത്തിലേക്കും തുടര്‍ന്ന് ദൈവീകതയിലെക്കും നയിക്കാന്‍ മഹാത്മാക്കള്‍ ഉണ്ടാക്കിയ ബോധപൂര്‍വമായ സംവിധാനങ്ങള്‍ ആണ് മതങ്ങള്‍.

മനുഷ്യര്‍ കാട്ടാളന്മാര്‍ ആവുന്നത് ആഗ്രഹവും, അഹങ്കാരവും അതിര് കടക്കുമ്പോള്‍ ആണ്. ഇത് രണ്ടും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം അപരിഷ്കൃത സമൂഹത്തിനു ഇല്ല. അവിടെ ശക്തര്‍ ഭരിക്കും. മറ്റുള്ളവര്‍ അനുസരിക്കും. അനുസരിച്ചില്ലെങ്കില്‍ അടി കൊള്ളും. വേറെ ന്യായം ഒന്നും ഇല്ല. അണ്ണന് അത് ഇസ്ടപ്പെട്ടില്ല. അത്രയും മതി വല്ലവന്റെയും പുറത്തു പള്ളി പണിയാന്‍.

മനുഷ്യന്‍ വിദ്യാഭ്യാസം നേടിയതോടെ പരിഷ്കൃത സമൂഹത്തില്‍ കായിക ശേഷിയെക്കാള്‍ മതിപ്പ് മനുഷ്യത്വത്തിനു ആയിത്തീര്‍ന്നു. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും ജീവന് തുല്യ വില കല്പിക്കാനും സമൂഹം തയ്യാറായതോടെ മനുഷ്യര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് എത്തി.

മതങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് മഹാത്മാക്കളുടെ പേരില്‍ ആണ്. അവര്‍ നല്‍കിയ ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കാന്‍. മനുഷ്യന്റെ സാമൂഹ്യജീവിതത്തിനും മൂല്യങ്ങള്‍ക്കും ചെയ്തിട്ടുള്ള ഗുണങ്ങളോളം തന്നെ ദോഷവും ചെയ്തിട്ടുണ്ട്. തമ്മില്‍ വൈരാഗ്യവും തെറ്റിധാരണയും വളര്‍ത്തുന്നത് മതങ്ങളുടെ പിന്നില്‍ കളിക്കുന്ന പുരോഹിതന്മാര്‍ ആണ്. ഈ പുരോഹിതന്മാര്‍ എന്നത് സാദാ മനുഷ്യര്‍ ആണ്. വേഷം കെട്ടിയത് കൊണ്ട് സ്വഭാവം മാറില്ല.

അണ്ണാന് വയസ്സായാല്‍ ഏണി വേണ്ടി വരുമോ ?

മതങ്ങള്‍ ക്രമേണ പുരോഹിതന്മാരുടെ തലത്തിലേക്ക് താഴും. പുരോഹിതന്മാര്‍ പലവിധ വേഷങ്ങള്‍ കെട്ടി അഭ്യാസങ്ങള്‍ തുടങ്ങും. പ്രധാനമായും സ്ത്രീകളെയും സ്വത്തിനെയും നിയന്ത്രിക്കുക, വിയര്‍ക്കാതെ ഭക്ഷണം കഴിക്കുക എന്നതൊക്കെ ആണ് പുരോഹിതന്മാരുടെ ശ്രദ്ധയില്‍ ഉള്ളത്. അല്ലാതെ മതം സ്ഥാപിച്ച മഹത്മാവോ, മതമോ, ദൈവമോ. മാങ്ങാത്തൊലിയോ ഒന്നും അല്ല.

പിന്നെ പുരോഹിതന്മാരുടെ താളത്തിനു അപ്പുറം ചിന്തിക്കാന്‍ അനുയായികള്‍ക്ക് കഴിയില്ല. മഹാത്മാവിന്റെ പേരില്‍ മനുഷ്യനെ ഉയര്‍ത്താന്‍ തുടങ്ങിയ പ്രസ്ഥാനം അവസാനം പഴേ കാട്ടാളന്റെ നിയന്ത്രണത്തില്‍ വീണ്ടും എത്തും. എന്തൊരു കഷ്ടം ആണെന്ന് നോക്ക്. ഈ സങ്കുചിത താല്പര്യക്കാരുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് മഹാത്മാക്കള്‍ മതങ്ങള്‍ ഉണ്ടാക്കിയത്. ഒടുക്കം മതങ്ങള്‍ തന്നെ അതേ സങ്കുചിത താല്പര്യക്കാരുടെ കയ്യില്‍ എത്തി !

മനുഷ്യന്‍ വളരുന്നത്‌ എങ്ങനെ ? അതിനു മതങ്ങള്‍ ആവശ്യമുണ്ടോ ?

മനുഷ്യന്‍ വളരണമെങ്കില്‍ ഒന്നാമത് സ്വാര്‍ത്ഥത കുറയ്ക്കണം. എത്ര സ്വാര്‍ത്ഥത കുറഞ്ഞോ അത്രയും വളര്‍ച്ച ഉണ്ടാവും. രണ്ടാമത് മനസ്സിലെ ആഗ്രഹങ്ങള്‍ക്ക് നിയന്ത്രണം വേണം. ഇങ്ങനെ ഉള്ള മനുഷ്യരെ മറ്റുള്ളവര്‍ ബഹുമാനിക്കും.

സംശയം ഇതാണ്. സ്വാര്‍ത്ഥത കുറയ്ക്കാനും ആഗ്രഹങ്ങള്‍ നിയന്ത്രിക്കാനും മതങ്ങളും പുരോഹിതരും വേണോ ? മതങ്ങളും പുരോഹിതരും അതിനു തടസ്സം അല്ലെ വാസ്തവത്തില്‍ ?

വെറുതെ ഇരിക്കുന്ന ഒരുത്തനെ പടിച്ചു ഒരു മതത്തില്‍ ചേര്‍ത്തു എന്ന് വയ്ക്കുക. പിട്ടെന്ന് മുതല്‍ അവനു മറ്റു മതങ്ങളില്‍ ഉള്ളവരെ പരമ പുശ്ചം ആയി ! വല്ല കാര്യവും ഉണ്ടോ ? മനുഷ്യത്വം മറക്കുന്ന അവസ്ഥയിലേക്ക് ആണോ മതങ്ങള്‍ മനുഷ്യനെ നയിക്കുന്നത് ? ഇത് വീണ്ടും കാട്ടാളത്തത്തിലേക്ക് മടങ്ങുകയല്ലേ ? ഇത് തടയാന്‍ അല്ലെ മതം ആ മഹാത്മാവ് ഉണ്ടാക്കിയത് തന്നെ ? മതങ്ങളുടെ ഉദ്ദേശം പുരോഹിതന്മാര്‍ തന്നെ തടയുന്നു ? വേലി തന്നെ വിളവു തിന്നുന്നു.

മതങ്ങളുടെ പ്രധാന ഉടായിപ്പ് മരണശേഷം ഉള്ള ആനമുട്ട ആണ്. അത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഇല്ല. ഇല്ലേ ? ഇല്ലെന്നു സമ്മതിച്ചാല്‍ പുരോഹിതന്റെ കഞ്ഞികുടി മുട്ടും. അത് കൊണ്ട് പാവം മനുഷ്യരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ഇന്ന് സമ്പത്ത് ഇല്ല. സൌന്ദര്യം ഇല്ല. ആരോഗ്യം ഇല്ല. വിദ്യാഭ്യാസം ഇല്ല. സ്ഥാനം ഇല്ല. എന്ത് ചെയ്യും ? വിഷമിക്കണ്ട. ചത്തു കഴിഞ്ഞു ദൈവം ശരിയാക്കി തരും. തല്‍കാലം കുറച്ചു കാണിക്ക ഇങ്ങോട്ട് ഇട്ടോ. ഇതാണ് പുരോഹിതന്മാരുടെ മതം !

ഈ മതങ്ങള്‍ ഒന്നും വേണ്ട മനുഷ്യന് സുഖമായി ജീവിക്കാന്‍. മരണ ശേഷം എന്ത് പണ്ടാറം എങ്കിലും ആവട്ടെ. ജീവിച്ചിരിക്കുമ്പോള്‍ സുഖമായി അന്തസ്സായി എങ്കിലും ജീവിക്കണ്ടേ ? പുരോഹിതരോട് ചോദിച്ചാല്‍ പറയും. "അതൊന്നും പ്രശ്നം ഇല്ലന്നെ. ചത്തു കയിഞ്ഞി ദൈവം ശരിയാക്കിത്തരും".

പട്ടിണിയോടു കഴിയുന്ന കൂലിവേലക്കാരോടും പുരോഹിതന്‍ പറയും. "നമ്മുടെ മതത്തില്‍ ആള് കുറവാണ്. ഒരു നാലഞ്ച് കുട്ടികളെ കൂടി ഉണ്ടാക്കു. ദൈവം തരുന്നതല്ലേ".

"അതിപ്പോ ഇതിനോക്കെ എവിടുന്നു ഭക്ഷണം കൊടുക്കും ? എവിടെ കിടത്തും ? എങ്ങനെ പഠിപ്പിക്കും?"

"ഒക്കെ ദൈവം നോക്കിക്കോളും. വാ കീറിയവന്‍ ഇരയും കൊടുക്കും"

ദൈവത്തിന്‍റെ ജോലിയാണ്. ഇര കണ്ടു പിടിച്ചു കൊടുക്കുക.

നിക്കറു കീറിയവന്‍ അത് തുന്നുക. അതല്ലേ കൂടുതല്‍ എളുപ്പം. ആ പാവം ദൈവത്തിനെ ഇരപിടീക്കാന്‍ വിടാതെ.

ദൈവത്തിന്റെ പേരില്‍ എന്തെല്ലാം ഉഡായിപ്പുകള്‍. എല്ലാം മതങ്ങളും പുരോഹിതന്മാരുടെ സ്വന്തതാല്പര്യങ്ങള്‍ ആണ് സംരക്ഷിക്കുന്നത്.

വിദ്യാഭ്യാസം ഉള്ള മനുഷ്യര്‍ ആലോചിക്കുക. ഈ മതങ്ങള്‍ ഇല്ലെങ്കില്‍ ഇവിടെ എത്രയോ സുഖമായി ജീവിക്കാം. ശക്തമായ ഒരു സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും മാത്രം മതി.

ഒരു മതത്തിന്റെയും ആവശ്യം ഇല്ല ജീവിക്കാന്‍.

ചത്തു കഴിഞ്ഞുള്ളത് എന്തായാലും ദൈവം നോക്കിക്കോളും. പുരോഹിതന്മാരുടെ ഒത്താശയുടെ ആവശ്യം അവിടെ ഇല്ല. ദൈവത്തിനു അസിസ്ടന്ടോ? മൊത്തം ഉടായിപ്പ് ആണ്. വിയര്‍ക്കാതെ ഭക്ഷണം കഴിക്കണം. അതാണ്‌ പുരോഹിതന്മാരുടെ ഉദ്ദേശം.

വെറുതെ എന്തിനു ഈ കുളയട്ടകളെ സ്വന്ത രക്തം കൊടുത്ത് നമ്മള്‍ വളര്‍ത്തുന്നു ?

No comments:

Post a Comment