Saturday, 21 December 2013

പ്രവാചികമാര്‍ എന്ത് കൊണ്ട് ഇല്ല ?

പ്രവാചികമാര്‍ എന്ത് കൊണ്ട് ഇല്ല ?

ഭാരതീയ തത്വശാസ്ത്ര പ്രകാരം ദൃശ്യ പ്രപഞ്ചം സ്രഷ്ടാവിന്റെ തന്നെ ഒരു സ്വയം പ്രകടനം ആണ്. സൃഷ്ടി യില്‍ നിന്നും അന്യമായി ഒരു സ്രഷ്ടാവ് ഇല്ല. സ്രഷ്ടാവ് സ്വയം അന്തര്യാമി ആയി പ്രപഞ്ചത്തിനുള്ളില്‍ ഇരുന്നു കൊണ്ട് ലോകത്തെ നിയന്ത്രിക്കുന്നു. മനുഷ്യന്റെയും മറ്റെല്ലാ ജീവികളുടെയും യഥാര്‍ത്ഥ അവസ്ഥ മരണം ഇല്ലാത്ത ശുദ്ധബോധം ആണ്. അഥവാ ശുദ്ധബോധം സമയത്തിലും കാലത്തിലും പ്രവേശിക്കുമ്പോള്‍ ആണ് പ്രപഞ്ചം ഉണ്ടാവുന്നത്. ഇത് തിരിച്ചറിയാന്‍ കഴിയാത്തതിന് കാരണം ശരീരബോധവും മനസ്സും ആണ്. ഇത് രണ്ടും മാറ്റിനിര്‍ത്തിയാല്‍ സ്വയം എന്താണെന്നുള്ള സത്യം തിരിച്ച് അറിയാന്‍ ആര്‍ക്കും പറ്റും. ഇതിനു സാധന, ഏകാഗ്രത, ധ്യാനം, മനോ നിയന്ത്രണം എന്നിവ ആവശ്യമാണ്‌. തന്‍റെ തന്നെ അവസ്ഥ സ്വയം തിരിച്ചറിയുക ആണ് ജീവിത ലക്‌ഷ്യം. ബോധോദയം ഉണ്ടാകുന്നത് വരെ ജനനമരണ ചക്രം തുടരും.

പാശ്ചാത്യ തത്വശാസ്ത്രം ഇങ്ങനെ അല്ല. അത് പ്രകാരം ഈ ലോകത്തിനു ലോകത്തില്‍ നിന്നും വ്യത്യസ്തമായി ഒരു സ്രഷ്ടാവ് ഉണ്ട്. സ്രഷ്ടാവിന്റെ മഹത്വം വിളിച്ചോതുവാന്‍ ആണ് സൃഷ്ടിയുടെ ഉദ്ദേശം തന്നെ. സൃഷ്ടിജാലങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്ന സ്രഷ്ടാവ് മരണ ശേഷം ജീവജാലങ്ങള്‍ക്ക് പ്രവര്‍ത്തി അനുസരിച്ചുള്ള സമ്മാനം കൊടുക്കും. സ്വര്‍ഗമോ നരകമോ. മനുഷ്യര്‍ എങ്ങനെ ജീവിക്കണം എന്ന് പ്രവാചകന്മാര്‍ മുഖേന സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ ദിവ്യഗ്രന്ഥങ്ങള്‍ മുഖേന അറിയിച്ചിട്ടുണ്ട്.

പൌരസ്ത്യ തത്വ ശാസ്ത്രത്തില്‍ പ്രവാചകര്‍ ഇല്ല. പകരം സ്വയം അറിഞ്ഞ ഗുരുക്കന്മാര്‍ ഇടയ്ക്കിടെ ഉണ്ടായി തെറ്റിധാരണകള്‍ തിരുത്തിക്കൊണ്ടേ ഇരിക്കും. അവരെ പക്ഷെ പ്രവാചകര്‍ എന്ന് വിളിക്കാറില്ല. പിന്നെ പാശ്ചാത്യ ചിന്താഗതിയില്‍ പ്രവാചകന്മാര്‍ എങ്ങനെ ഉണ്ടായി ? ആര് പറയുന്നതാണ് ശരി ?

ഇനി ഈ ഗുരുക്കന്മാരും പ്രവാചകരും പറയുന്നത് എടുത്തു പരിശോധിച്ചാല്‍ വളരെ ഏറെ സാമ്യങ്ങള്‍ കാണാം. ആദ്യമായി കരുണ, സഹജീവി സ്നേഹം, സ്ത്രീകളോട് മാന്യത, അറിവ്, മൃദുസംഭാഷണം, എല്ലാവരും നന്നായി കാണാന്‍ ഉള്ള താല്പര്യം, തെറ്റുകളോടും പീഡനങ്ങളോടും അന്ധ വിശ്വാസങ്ങളോടും ഉള്ള എതിര്‍പ്പ്, ഭയരാഹിത്യം എന്നിവ.

പൌരസ്ത്യ ഗുരുക്കന്മാരും അതെ പ്രവാചകന്മാരും അതെ.

പ്രവാചകര്‍ എന്ന് പാശ്ചാത്യര്‍ വിളിക്കുന്നവര്‍ക്കും ഗുരുക്കന്മാര്‍ എന്ന് പൌരസ്ത്യര്‍ വിളിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്ക് ഇല്ലാത്ത ഉള്‍ക്കാഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അത് അവരുടെ പെരുമാറ്റത്തില്‍ നിന്നും പ്രവര്‍ത്തിയില്‍ നിന്നും വാക്കുകളില്‍ നിന്നും അറിയാന്‍ കഴിയും. അതിനു കാരണം എന്താണ് ?

ഒരു കാര്യം ഓര്‍ക്കേണ്ടത് ഇത്തരം പ്രവാചകരോ ഗുരുക്കന്മാരോ സാധാരണ മനസ്സുള്ളവര്‍ ആയിരിക്കില്ല എന്നതാണ്. സാധാരണക്കാരുടെ മനസ്സ് സ്ത്രീകള്‍, സ്വത്ത്, അധികാരം, പ്രശസ്തി എന്നിവയുടെ പിന്നാലെ പോകുന്നു. അവരാണ് ബഹുഭൂരിപക്ഷം. അന്യോന്യം താരതമ്യപ്പെടുത്തി ആണ് അവര്‍ ജീവിതത്തിനു അര്‍ഥം കണ്ടു പിടിക്കുന്നത്‌. ഭൌതികമായി മറ്റുള്ളവരേക്കാള്‍ ഭേദം എങ്കില്‍ ജീവിതം വിജയം. ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ചവിട്ടുനാടകം കണ്ടു ഇരിക്കുക തന്നെ. ഇതാണ് ജീവിത മന്ത്രം.

പ്രവാചകര്‍ അല്ലെങ്കില്‍ ഗുരുക്കന്മാരുടെ മനസ്സ് ഇത്തരം ചോട്ടാ വിഷയങ്ങളില്‍ വലിയ താല്പര്യം കൊടുക്കുകയില്ല. അവര്‍ക്ക് മറ്റു ചിലതാണ് കൂടുതല്‍ പ്രാധാന്യം ഉള്ള വിഷയങ്ങള്‍.

അതായത് ഞാന്‍ ആര് ? എവിടുന്നു വന്നു ? എങ്ങോട്ട് പോകുന്നു ? ജീവിതത്തിന്റെ അര്‍ഥം എന്ത് ? ശരിയായ ജീവിതം എങ്ങനെ ആവണം. മരണത്തിനപ്പുറം അസ്തിത്വം ഉണ്ടോ ? ദൈവം എന്നാല്‍ എന്ത് ? താനും ദൈവവും പ്രപഞ്ചവും ആയുള്ള ബന്ധം എന്ത് എന്നിങ്ങനെ ഉള്ള ചിന്തകള്‍ ആയിരിക്കും !

ഇത്തരക്കാര്‍ എണ്ണത്തില്‍ കുറവായിരിക്കും. നൂറില്‍ ഒന്നോ മറ്റോ. ശ്രദ്ധിക്കുക. നൂറില്‍ 99 ഉം ലോകവിഷയങ്ങളില്‍ കിടന്നു കറങ്ങുമ്പോള്‍ ഒരുത്തന്‍ ആയിരിക്കും താടി വളര്‍ത്തി ഇരുന്നു ആലോചിക്കുന്നത്. 99 ഉം കൂടി അവന്റെ പുറത്തു പള്ളി പണിയും. നിരുപദ്രവി ! വായില്‍ കോലിട്ടു കുത്താം ! ഒന്നും പറയില്ല . പാവം. പച്ചവെള്ളം ചവച്ചു കുടിക്കും !

ഈ സൈസുകള്‍ എല്ലാം പ്രവാചകാരോ ഗുരുക്കളോ ആവും എന്നല്ല. മിണ്ടാതെ മൂലക്കിരിക്കുന്ന പലതും പ്രണയനൈരാശ്യം കൊണ്ട് ആവും അങ്ങനെ ആയത്‌. കുറെ നേരം അങ്ങനെ ഇരുന്നിട്ട് തനിക്കു പറ്റിയ പണി സ്വയം അറിഞ്ഞു വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും.

പ്രവാചകരും ഗുരുക്കന്മാരും ആവുന്ന തരക്കാര്‍ക്ക് രണ്ടു പ്രത്യേകതകള്‍ തെളിഞ്ഞു കാണാം. ഒന്ന് അഹംകാരം ഇല്ലായ്മ. രണ്ടു മനസ്സില്‍ ആഗ്രഹങ്ങള്‍ ഇല്ലായ്മ. ഇത്തരക്കാരെ സ്ത്രീകള്‍ ഓടിച്ച്ട്ടു സ്നേഹിക്കാന്‍ സാധ്യത ഉണ്ട്. കാരണം മറ്റുള്ളആണുങ്ങളെ പോലെ ഇവര്‍ മനസ്സ് പെട്ടെന്ന് മാറ്റില്ല. ഇപ്പൊ കണ്ടിട്ട് പോയ അതെ അവസ്ഥയില്‍ ആയിരിക്കും കുറെ നാള്‍ കഴിഞ്ഞു കണ്ടാലും. അനന്തതയിലേക്ക് പായുന്ന ദൃഷ്ടി. അശ്രദ്ധ. നിരുപദ്രവി.

ശ്രദ്ധിച്ച് നോക്കിയാല്‍ അറിയാം. മനുഷ്യര്‍ എല്ലാം തങ്ങളേക്കാള്‍ അഹങ്കാരം കുറവായിരിക്കുന്നവരെ ബഹുമാനിക്കുന്നു അല്ലെങ്കില്‍ പിന്‍തുടരുന്നു. പ്രവാചകന്‍, ഗുരു എന്നൊക്കെ പറയുന്നത് അഹങ്കാരമില്ലായ്മയുടെ അങ്ങേ അറ്റം ആണ്. അവര്‍ക്ക് സ്വന്തം എന്നൊരു വിഷയമേ ഉണ്ടാകില്ല. അഥവാ വളരെ കുറവായിരിക്കും. അതുപോലെ ആഗ്രഹങ്ങളും ഇല്ലായിരിക്കും അഥവാ കുറവായിരിക്കും. അഹങ്കാരവും ആഗ്രഹങ്ങളും ഉള്ളവര്‍ ആണ് ലോകത്ത് കൂടുതല്‍ എന്നും ഓര്‍ക്കുക.

സ്ത്രീകള്‍ക്ക് അഹങ്കാരവും ആഗ്രഹങ്ങളും പുരുഷന്മാരേക്കാള്‍ പ്രായേണ കുറവായിരിക്കും. പ്രതേകിച്ചും അമ്മ ആവുന്നതോടെ. അവര്‍ക്ക് പ്രവാചകര്‍ അല്ലെങ്കില്‍ ഗുരു വിന്റെ അവസ്ഥയില്‍ എത്താന്‍ പുരുഷന്മാരേക്കാള്‍ എളുപ്പം ആണ്.

ശ്രദ്ധിക്കുക.

പൌരസ്ത്യ ചിന്താഗതിയില്‍ ഗുരുക്കന്മാരെ പോലെ തന്നെ സ്ത്രീകളും ഗുരു പദവിയില്‍ എത്താറുണ്ട്. കാരണം ആണും പെണ്ണും തമ്മില്‍ ശരീരത്തിന്റെ വ്യത്യാസമേ ഉള്ളു. മനസ് ബുദ്ധി ഒക്കെ ഒരു പോലെ തന്നെ ആണ്.

എന്നാല്‍ പാശ്ചാത്യ ചിന്തയില്‍ പ്രവാചികമാര്‍ ഉണ്ടാകാറില്ല. കാരണം എന്താണെന്നു പറയാമോ ?

ലളിതം ആണ്. പാശ്ചാത്യ ചിന്ത ആണുങ്ങളുടെതു ആണ്. ആണ്‍ മേല്‍കോയ്മ ആണ് അത് പൊക്കി പിടിക്കുന്നത്‌. ഹവ്വയെ ആദമിന്റെ വാരിഎല്ലില്‍ നിന്നും ഉണ്ടാക്കിയതും, സ്ത്രീകളുടെ മേല്‍ ആണുങ്ങള്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഒക്കെ ഇതില്‍ കാണാം.

പൌരസ്ത്യര്‍ മഹാമാന്യന്മാര്‍ ആണെന്നല്ല. അവരുടെ ചിന്താഗതിയില്‍ സ്ത്രീകളെ ഇതുപോലെ ഒതുക്കുവാന്‍ പറ്റിയ വകുപ്പുകള്‍ ഒന്നും ഇല്ല. അതാണ്‌ ഇഷ്ടന്മാര്‍ കിടന്നു കറങ്ങുന്നത്. സ്ത്രീകളെ അടിക്കാന്‍ വകുപ്പ് ഇല്ല. തുല്യത അല്ലെങ്കില്‍ ദൈവീകതയില്‍ ആണുങ്ങള്‍ക്കൊപ്പം ആണ് സ്ത്രീകളുടെ സ്ഥാനം.

എന്നും പറഞ്ഞു എല്ലാവരും അങ്ങനെ ചെയ്യുന്നു എന്ന് അര്‍ഥം ഇല്ലേ . ആണുങ്ങള്‍ ആരാ മോന്‍.

തുല്യത പോയിട്ട് സ്ത്രീകളുടെ അടിമത്തം വരെ എത്തുന്ന ആണ് മേധാവിത്വ സമുദായങ്ങളില്‍ ദൈവത്തിനു ആണിന്റെ ച്ഛായ ഉണ്ടാവും. ആണ്‍ പ്രവാചകര്‍ എത്ര ഉണ്ടായാലും ഒരു പെണ് പ്രവാചിക പോലും ഉണ്ടാവില്ല.

കാരണം ലളിതമാണ്. ആണുങ്ങള്‍ക്ക് സ്ത്രീ പ്രവാചികമാരെ സഹിക്കാനുള്ള ശേഷി ഇല്ല. സ്ത്രീകള്‍ക്ക് രണ്ടടി കൊടുത്തി മിണ്ടാണ്ട്‌ മൂലയ്ക്ക് ഇരുന്നോണം എന്ന് പറയാന്‍ ആണ് ആണുങ്ങള്‍ക്ക് എളുപ്പം! അല്ലാതെ അവര്‍ പറയുന്നത് അനുസരിക്കാന്‍ വലിയ വിമ്മിഷ്ടം ആണ്. അഹങ്കാരം തന്നെ കാരണം.

No comments:

Post a Comment