Friday 9 May 2014

ക്രിസ്തുവിന്‍റെ കുരിശുകള്‍

ക്രിസ്തുവിന്‍റെ കുരിശുകള്‍

ഒരു ക്രിസ്തീയ സുവിശേഷ പ്രാസംഗികന്റെ സൂര്യ TV ചാനല്‍ സംപ്രേക്ഷണം ഞായറാഴ്ച രാവിലെ കാണേണ്ടി വന്നു. കലികാലം.

പ്രഭാഷകന്‍ ആടി ഉലഞ്ഞു നിന്ന് അലറുകയാണ്.

"പ്രിയമുള്ളവരെ ! യേശു നിങ്ങളെ സ്നേഹിച്ചത് എപ്പോഴാണെന്ന് ഓര്‍ത്ത്‌ നോക്കുക"

സദസ്സില്‍ കുറെ സ്ത്രീകള്‍. 50 നു മേല്‍ പ്രായം ഉള്ളവര്‍ ആണ്. മുഖത്തു ദുഃഖം. നിര്‍വികാരത. അവര്‍ ഓര്‍ത്ത്‌ നോക്കുന്നത് TV യില്‍ കാണാം.

പ്രഭാഷകന്റെ ഇടിനാദം.

"യേശു നിങ്ങളെ സ്നേഹിച്ചത് നിങ്ങള്‍ നല്ലവരായിരുന്നപ്പോള്‍ അല്ല !"

അമ്മൂമ്മമാര്‍ പരസ്പരം ചുറ്റും നോക്കുന്നു. 'മറ്റെക്കാര്യം ഇവന്‍ എങ്ങനെ അറിഞ്ഞു ദൈവമേ ?' എന്ന ഒരു മട്ട്.

"യേശു നിങ്ങളെ സ്നേഹിച്ചത് നിങ്ങള്‍ പാപികളായിരുന്നപ്പോള്‍ ആണ്. ഓര്‍ത്തു നോക്കൂ"

ഇത് എന്ത് കഷ്ടം എന്ന് സ്ത്രീകളുടെ മുഖഭാവം. മിണ്ടാനും വയ്യ. യേശു തങ്ങളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ പറ്റുമോ ? ഉണ്ട് എന്ന് തന്നെ പറയും. ഇല്ലേ ?

തങ്ങള്‍ പാപികള്‍ ആയിരുന്നപ്പോള്‍ ആണ് യേശു സ്നേഹിച്ചത് എന്ന് പറഞ്ഞാല്‍ എന്താ അതിന്റെ അര്‍ഥം ? തങ്ങള്‍ പാപികള്‍ ആയിരുന്നു എന്നല്ലേ ? എന്ത് പാപം ആണാവോ ഞങ്ങള്‍ ചെയ്തത് എന്ന് സ്ത്രീകളുടെ ഉള്ളില്‍ സംശയം.

പ്രഭാഷക ജ്ഞാനി കത്തിക്കയറുന്നു.

"നിങ്ങള്‍ നല്ലവരായിരിക്കുമ്പോള്‍ യേശുവിനു നിങ്ങളെ സ്നേഹിക്കേണ്ടി വരില്ല".

എങ്ങനെ ഉണ്ട് മാമോദീസ മുക്കിയ ജ്ഞാനക്കുരു ?

ചുരുക്കി പറഞ്ഞാല്‍..

യേശുവിന്റെ സ്നേഹം കിട്ടണോ ? എങ്കില്‍ പാപം ചെയ്യുക.

മത്തായിയുടെ പുതിയ സുവിശേഷം.

ഇവന്‍ ചെയ്യുന്നതെന്താണെന്ന് ഇവന്‍ അറിയുന്നില്ല.

ഇവന്റെ മണ്ടയ്ക്ക് തന്നെ കൊടുത്തേക്കണേ.

അമേന്‍.

( മനുഷ്യര്‍ സാധാരണ ചെയ്യുന്ന തു ഒന്നും പാപം അല്ല. സ്വാഭാവികമായ കാര്യങ്ങള്‍ മാത്രം ആണ്. പേടിക്കണ്ട കേട്ടോ )

ഇനി വേറൊന്ന്.

ഡാമിയനും ക്ഷമ ഡാമിയനും പുനലൂരില്‍ സദസ്സില്‍ ചെയ്ത പ്രസംഗം.

"ഭക്തജനങ്ങളെ !"

സദസ്സില്‍ മിക്കവാറും സ്ത്രീകള്‍. എല്ലാ പ്രായക്കാരും ഉണ്ട്. ഭര്‍ത്താവിന്റെ കള്ളുകുടി മാറ്റാന്‍ വന്നവര്‍ ആയിരക്കും കൂടുതലും.

"ജലം, വാട്ടര്‍, H2O.. ഉണ്ടാക്കിയത് ആരാ ?"

സ്ത്രീകള്‍ ചുറ്റും നോക്കുന്നു. ഒരു അമ്മാമ്മ കോട്ടുവാ ഇടുന്നു. ഒരാള്‍ തല ചൊറിയുന്നു. പേന്‍ ആവില്ല. ചിന്തിച്ചത് ആവും.

"ശരിയാണല്ലോ ആരാപ്പ ഈ ജലം ഉണ്ടാക്കിയത് ? ഇതു വരെ ആലോച്ചില്ലല്ലോ. ഈ വെള്ളം എത്ര തവണ എടുത്തതാ. ഇന്ന് രാവിലെയും എടുത്തു. എന്നിട്ടും ഇതാരാ ഉണ്ടാക്കിയത് എന്ന് ചിന്തിച്ചോ ? എന്താ മറവി ! ഫയങ്ങരം തന്നെ."

'ജലം ഉണ്ടാക്കിയത് മേഘം അല്ലെടീ' എന്ന് ഒരുത്തി മറ്റവളോട് അടക്കി സംശയം ചോദിക്കുന്നു.

എന്തോന്നാടീ ഈ 'H2O' എന്ന് വേറൊരുത്തി.

ഡാമിയന്‍ പുഞ്ചിരിക്കുന്നു. സാക്ഷാല്‍ കൃഷ്ണന്‍ കാശിക്കു പോവുന്ന സൈസ് ചിരി.

" പോട്ടെ"

"ഈ പ്രാണവായു, ഓക്സീജന്‍, O2 ഉണ്ടാക്കിയത് ആരാ ? "

'ഓക്സിജന്‍ ഉണ്ടാക്കിയത് മരങ്ങള്‍' എന്ന് വിദ്യാഭ്യാസം ഉള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു.

'അല്ലെടീ അത് കണ്ടു പിടിച്ച സായിപ്പിന്റെ പേരായിരിക്കും ചോദിക്കുന്നത്' എന്ന് മറ്റൊരാള്‍.

'എന്തോന്നാടീ ഈ O2' എന്ന് വേറൊരുത്തി.

ഡാമിയന്‍റെ പുഞ്ചിരി. "ആരാ? പറയൂ"

സദസ്സില്‍ വീണ്ടും കോട്ടുവായ, തല ചൊറിച്ചില്‍. തമ്മില്‍ സംസാരം ഒന്ന് പറഞ്ഞു തുലയ്ക്ക് എന്ന ഒരു ഭാവം സ്ത്രീ മുഖങ്ങളില്‍.

ഡാമിയന്റെ ഇടിനാദം.

"പ്രിയമുള്ളവരേ ! നിങ്ങള്‍ വിശ്വസിക്കുമോ ? ഈ വെള്ളവും വായുവും ഉണ്ടാക്കിയത് നമ്മുടെ സ്വന്തം യേശു !"

ഞാന്‍ അന്തം വിട്ടു വാ പിളര്‍ന്നു സോഫയില്‍ കിടന്നു പോയി. എന്താ വിടല്‍. ഉളുപ്പ് എന്നൊന്ന് ഉണ്ടോ ?

പാവം യേശു ഈ കുരിശുകളുടെ വിടലുകള്‍ കേട്ട് നാണിച്ചു സ്വയം വീണ്ടും കുരിശില്‍ കേറിയെന്നു Sky ന്യൂസ്‌.

No comments:

Post a Comment