Monday 26 May 2014

രുദ്രാക്ഷം

രുദ്രാക്ഷം

സഗുണാരാധനകളില്‍ ചില പ്രതിഭാസങ്ങള്‍ കാണാം. ഒരുപക്ഷെ, മനുഷ്യമനസ്സിന്റെ മായാശീലമാകാം ഇതെന്നാണ് ഹരിസ്വാമികള്‍ പറയാറുള്ളത്. ശൈവ വൈഷ്ണവ ആരാധനകളില്‍ കാണുന്ന ഇവ അന്വേഷിക്കേണ്ടതാണ് എന്നതുകൊണ്ടു തന്നെ എന്താണീ പ്രതിഭാസം എന്ന് നമുക്കു നോക്കാം.

അരൂപാത്മകമായ ആരാധന പ്രസക്തമായ ഈശ്വര സങ്കല്പലമാണല്ലോ ശിവന്‍. ആ സ്ഥാനത്ത് വിഷ്ണുവാകട്ടെ, സഗുണ പ്രസക്തി മുന്നിട്ടു നില്ക്കുന്ന ആളാണ്‌. നിര്‍ഗുണത ലക്ഷ്യമിട്ടിരിക്കുന്നത് കൊണ്ട് ശിവന് അരൂപാത്മകമായ ആരാധനകള്‍ പറഞ്ഞിരിക്കെ, വിഷ്ണുവിന് പക്ഷേ രൂപ പ്രസക്തിയുള്ള ആരാധനയാണ്. മനുഷ്യ ബുദ്ധിക്ക് എത്രയായാലും രൂപം കല്പ്പിക്കാതിരിക്കാന്‍ ആവില്ലെന്ന് ആചാര്യന്‍. ആകയാല്‍ ഈ ശീലം കൊണ്ട് ശിവ സങ്കല്പ്പത്തില്‍ ചെന്നപ്പോഴും ദേവന് രൂപമില്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റേതായ, രൂപമുള്ള അലങ്കാരങ്ങളെ ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നുള്ള സഗുണത്വം മനസ്സുകള്‍ക്ക് വന്നു. അങ്ങനെയാണ് ശിവന്റെ ജട, ശൂലം, ഭസ്മം, രുദ്രാക്ഷം ഇവയൊക്കെ അനുകരിക്കപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഈ സ്ഥാനത്ത് വിഷ്ണുവിന്റെ ചിഹ്നങ്ങള്‍ ആരും സ്വതന്ത്രമായി ഉപയോഗിക്കുന്നില്ല.കാരണം മനശാസ്ത്രപരമായി വിഷ്ണുവിന് നേരിട്ട് ഒരുരൂപത്തെ നല്കിയത് കൊണ്ട് ആ രൂപത്തെ തന്നെയാണ് ഒരാള്‍ ആരാധിക്കുന്നത്.അപ്പോള്‍ മനസ്സ് വേറെ സ്വരൂപത്തെ തേടി പോയില്ല. ഇതാണ് രണ്ട് ആരാധനയിലുമുള്ള വിരോധാഭാസം. അങ്ങനെ വരുമ്പോഴാണ് ഹിന്ദുധര്‍മ്മത്തില്‍ വിഷ്ണു ചിഹ്നങ്ങളായ ശംഖു ചക്ര ഗദാ പദ്മ കൌസ്തുഭ ശ്രീ വല്സങ്ങലേക്കാളധികം ശിവ ചിഹ്നങ്ങളായ ജട ശൂലം ഭസ്മം രുദ്രാക്ഷം ഇവ അലൗകികമായ രീതിയില്‍ ആരാധിച്ചു വന്നത്. അതിലേറ്റവും പ്രധാനപ്പെട്ട പ്രതീകാരാധനയായി തീര്ന്നു രുദ്രാക്ഷം

ശിവനും ശിവ ഭക്തന്മാരും ഒരേ പോലെ അണിയുന്ന മാലയാണ് രുദ്രാക്ഷ മാല.കാഷായമുടുത്ത സന്യാസിയും ജടാധാരിയായ സന്യാസിയും ഒരു രുദ്രാക്ഷമാലയോടുകൂടിയല്ലാതെ കാഴ്ചയില്‍ പൂര്ണത ഉണ്ടാകുന്നില്ല. ആത്മീയാചാര്യന്മാരാകട്ടെ അഭിവന്ദ്യരാകട്ടെ കഴുത്തിലൊരു രുദ്രാക്ഷ മാല ആദ്ധ്യാത്മിക തേജസ്സിന് അനിവാര്യം. ഈ കായുടെ കാഴ്ചയും സ്വരൂപവും എല്ലാം തന്നെ ശാസ്ത്രീയമായി ഭൂമിയില്‍ ആവിര്‍ഭവിക്കപ്പെട്ട ഒരു വസ്തു എന്ന പ്രതീതി തരുന്നു. ശില്പ ഭംഗി ഇത്രയും ഒത്ത കായ വേറെ ഏതുണ്ട്?

രുദ്രാക്ഷം, ഇന്ദ്രാക്ഷം ഭദ്രാക്ഷം എന്ന മൂന്നു ഇനങ്ങള്‍ ഉണ്ടത്രേ. ത്രിപുര ദഹന സമയത്ത് ശിവ നേത്രങ്ങളില്‍ നിന്ന് അടര്‍ന്നു വീണ നീര്‍ത്തുള്ളി രുദ്രാക്ഷവും, വൃത്രാസുര യുദ്ധസമയത്ത് ഇന്ദ്ര നേത്രത്തില്‍ നിന്ന് അടര്ന്നു വീണത്‌ ഇന്ദ്രാക്ഷവും ദക്ഷയാഗ വേദിയില്‍ വെച്ച് വീരഭദ്രനില്‍ നിന്നും അടര്‍ന്നത്‌ ഭദ്രാക്ഷവും എന്ന് പറയപ്പെടുന്നു. പുരാണങ്ങളില്‍ കഥകള്‍ വേറെയും ഉണ്ട് ഇനി. എന്തായാലും ഉരുണ്ടുകൂടിയ നീര്മണികള്‍ മഹാരുദ്രന്റെതായതിനാല്‍ സര്വ്വതിലും ശ്രേഷ്ടവും ആയി.

പുരാണങ്ങളിലും രുദ്രാക്ഷജാബാലോപനിഷത്തിലും ഒക്കെയാണ് ഇതിന്റെ വിധികളും നിയമങ്ങളും ഫലശ്രുതിയും ഒക്കെ ധാരാളം ഉള്ളത്. ഇവിടെയെല്ലാം രുദ്രാക്ഷം ധരിക്കുന്നത് പാപ നാശനം ആണെന്ന വാക്കാണ്‌ കൂടുതല്‍ കാണുന്നത്. പാപം നശിച്ചു പുണ്യവും, ശിവപ്രീതിയും മോക്ഷവും ഉണ്ടാവുമത്രേ. വാസ്തവത്തില്‍ കാണപ്പെടാന്‍ ആവാത്ത ദോഷമാണല്ലോ പാപം. അവരവര്‍ക്ക് പോലും സ്വയം ഇത് അറിയില്ല. സദാ കര്മ്മ രൂപിയായി നില്ക്കുന്നതുകൊണ്ട് തന്നില്‍ എന്തെങ്കിലും പാപം ഉണ്ടായിരിക്കും എന്നുമാത്രമേ ആരും കരുതാറുമുള്ളൂ. അതുകൊണ്ട് രുദ്രാക്ഷം പാപ മോചനത്തിനായി സര്വ്വത്ര എല്ലാവരും അണിയുന്നു.

എവിടെയും ദ്വൈതമാണല്ലോ മായയുടെ ലക്ഷണം. ഉടനെ ഇവിടെയും വന്നു എതിരാളി. വൈഷ്ണവര്‍ക്ക് ശിവന്‍ എന്ന ദേവതയും ശിവ ചിഹ്നങ്ങളും ശിവ സ്വരൂപം വരെ എത്ര കണ്ടും വിരോധങ്ങളായിരുന്നു ഇത് നാമാരും ഉണ്ടാക്കിയതല്ലല്ലോ. ദൈവാരാധനകള്‍ക്കിടയിലുള്ള വാശി ഇന്നും മതങ്ങളുടെ പേരില്‍ ഉണ്ടെങ്കിലും അന്ന് വെറും കഥകളെ പ്രതിയായിരുന്നു വാശി എന്നത് രസകരം. വൈഷ്ണവര്‍ ഓരോ ശിവ ചിഹ്നങ്ങള്ക്കും സങ്കല്പ്പത്തിനും എതിരേയുള്ളവയെ സൃഷ്ടിച്ചെടുത്തു നിരര്‍ത്ഥകമായ മറ്റെന്തൊക്കെയോ പരിവേഷങ്ങള്‍ ഉണ്ടാക്കി രണ്ടിന്റെയും ഇടയിലുള്ള ചില ദ്രവ്യങ്ങള്‍ എടുത്തു ശാക്തേയര്‍ അവരുടെതും ഉണ്ടാക്കി. ചുരുക്കത്തില്‍ ശൈവരുടെ രുദ്രാക്ഷം - വൈഷ്ണവര്‍ക്ക് തുളസിയും ശാക്തെയര്‍ക്ക് രക്ത ചന്ദനവും ആയി. പക്ഷേ, കാര്യമെന്തായാലും മൂന്നും മറ്റൊരു അര്‍ത്ഥത്തില്‍ യുക്തവുമാണ്. ശാരീരിക പ്രതിരോധ ശക്തിയുടെ കാര്യത്തില്‍. (മൂന്നും ഔഷധഗുണമുള്ളതാണ്. കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പര്‍ശം കൊണ്ടാണ്. രക്ത ശുദ്ധീകരണ ശക്തിയും ഉണ്ടത്രേ. പോരെ?)

ഇനി ഋഷിയുടെ പ്രതീകാത്മകതയുടെ പിന്നിലെ രഹസ്യം നോക്കൂ.

എന്തായാലും ഒരു ദേവതയുടെ ഇഷ്ട ദ്രവ്യത്തിന്റെ മാല ധരിച്ചാല്‍ പാപം പോയി ദേവതാ പ്രീതി ഉണ്ടാവുമെന്ന് പറയുന്നതിനെ ഇപ്രകാരവും എടുക്കാം. ശരീര ദ്രവ്യങ്ങളെ സന്തുലനം ചെയ്തു ആജീവനാന്ത രോഗ രഹിതനായിരുന്നാല്‍ ആ ശരീര ഉടമയ്ക്ക് സംതൃപ്തി ഉറപ്പല്ലേ? ഇതാണ് ആത്മാവിന്റെ സന്തോഷം.

ഇങ്ങനെയാണ് വിശ്വാസങ്ങള്‍ സത്യങ്ങളെക്കാള്‍ അപ്പുറത്ത് സ്വീകരിക്കപ്പെട്ടു തുടങ്ങിയതെന്ന് ഹരിസ്വാമികള്‍ പറയുന്നു. സാങ്കേതികതയുടെ ഈ നൂറ്റാണ്ടില്‍ നാം ഇവയെ തിരിച്ചറിയാന്‍ വൈകരുത്. രുദ്രാക്ഷം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന ഒരു ഭക്തന്റെ ചോദ്യത്തിന് അയാള്‍ പ്രതീക്ഷിച്ച മറുപടി, ഉണ്ട് അത് ധരിച്ചോളൂ എന്നായിരുന്നെങ്കില്‍, ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞത്, പച്ച വെള്ളത്തില്‍ ഉരച്ചു കഴിച്ചാല്‍ പ്രയോജനം ആണ് എന്നാണെന്നിരിക്കെ സ്വാമികളുടെ മര്‍മ്മവും പിന്നെയെന്താണ്?

രുദ്രാക്ഷം വളരെ വിചിത്രതകള്‍ പേറുന്ന ഒരു മരം കൂടിയാണ്. ഒരു മുഖം മുതല്‍ 24 മുഖം വരെ ഇതില്‍ ഉണ്ടാകും. അഞ്ച് മുഖമാണ് ഏറ്റവും കൂടുതല്‍ ഉണ്ടാവുക. വെള്ള, ഓട്, ചെമ്പ്, കറുപ്പ് എന്ന നാല് നിറങ്ങളില്‍ നാല് യുഗങ്ങളെ പ്രതിനിധീകരിച്ചുള്ള രുദ്രാക്ഷമുണ്ട്.(ചിത്രം കാണുക) ഇതില്‍ വെള്ള ഏറ്റവും അപൂര്‍വ്വമാണ്. കലിയുഗ പ്രതിനിധിയായ കറുപ്പ് ഏറ്റവും കൂടുതലും. ഗണപതിയുടെ മുഖാകൃതി വരുന്ന ഗണേശ രുദ്രാക്ഷം, ഓംകാര ആകൃതിയുള്ള പ്രണവ രുദ്രാക്ഷം(ചിത്രം), സര്‍പ്പാകൃതിയുള്ള നാഗ രുദ്രാക്ഷം ഇങ്ങനെയും കൂടാതെ രണ്ടെണ്ണം ചേര്‍ന്നിരിക്കുന്ന ഗൌരീശങ്കരം, മൂന്നെണ്ണം ചേര്‍ന്ന ത്രിമൂര്‍ത്തി ഇവയും അത്യപൂര്‍വ്വങ്ങളായി ലഭിക്കുന്നുണ്ട്. രുദ്രാക്ഷക്കായുടെ മുകളിലുള്ള ചിത്രപ്പണികള്‍ പ്രാചീന ദേവനാഗരിയില്‍ ഉള്ള അപൂര്‍വ്വ മന്ത്രങ്ങള്‍ ആണെന്നും ഒരു വീക്ഷണം ഉണ്ട്.

മുഖങ്ങളുടെ കാര്യം വെച്ചുകൊണ്ട് ഇന്ന് കാല്പനീകതയും വഞ്ചനയും ധാരാളമുണ്ട്. ജാടകള്‍ക്ക് പിന്നാലെ പോകുന്നവരെ കബളിപ്പിക്കാന്‍ രുദ്രാക്ഷം, ശ്രീചക്രം മുതലായവ ഇന്ന് നെറ്റ് വേള്‍ഡിലും സജീവമാണല്ലോ. ഒരു ഉദാഹരണം പറയാം. ഹരിസ്വാമികളുടെ ആശ്രമത്തില്‍ യഥാര്ത്ഥ രുദ്രാക്ഷ മരം ഉണ്ട്. മൂവായിരത്തോളം രുദ്രാക്ഷം ഒരു വര്ഷം കിട്ടുന്നുമുണ്ട്. ആദ്യമൊക്കെ കൌതുകം കൊണ്ട് കായ പൊളിച്ചെടുക്കുമായിരുന്നു. കിട്ടിയ അഞ്ച് മുഖ രുദ്രാക്ഷങ്ങള്‍ ശാസ്ത്ര വിധിപ്രകാരം ഏഴു ശോധനം ചെയ്തവ ഒരെണ്ണത്തിനു 5 രൂപയ്ക്കും, ശോധനം ചെയ്യാത്തവ ഒരെണ്ണത്തിന് 50 പൈസയ്ക്കും ആശ്രമം സ്ടാളുകളില്‍ വില്ക്കാന്‍ വെയ്ക്കുമ്പോള്‍ അവിടെ വന്നു തിരിഞ്ഞു നോക്കാതെ തൊട്ടപ്പുറത്ത് വ്യാവസായികമായ പരസ്യത്തോടെ രുദ്രാക്ഷക്കായയെ വാര്‍ണിഷ് അടിച്ചു മിനുക്കി വെച്ചിരിക്കുന്ന ഒന്ന് 350 രൂപയ്ക്ക് ആരൊക്കെയോ വാങ്ങിക്കൊണ്ടുപോകുന്നു!!

ഇത്തരം ദുരൂഹതകള്‍ നീങ്ങാന്‍ കൂടി ഈ പോസ്റ്റ്‌ ഉപകരിക്കട്ടെ. രുദ്രാക്ഷക്കായ്കളില്‍ ഒരു അലൌകികതയും ഇല്ല. ഭാരതത്തിന്റെ സവിശേഷത വെച്ച് ആത്മീയ പരിവേഷമുണ്ട് എന്നുമാത്രം. ലോകം മുഴുവന്‍ പല സ്ഥലങ്ങളിലും രുദ്രാക്ഷ തോട്ടങ്ങള്‍ ഉണ്ട്. ആയുര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ഇതുപോലെയുള്ള പരിവേഷങ്ങള്‍ കൊണ്ട് വാങ്ങിക്കൊണ്ടുപോകുന്നതും ചാര്‍ത്തുന്നതിനും ആണ് ഇതിന്റെ ഉപയോഗം. ഒരുമുഖത്തിനും ബഹുമുഖത്തിനും ലക്ഷങ്ങള്‍ വരെ ആവശ്യപ്പെടുന്നു. മറ്റൊരു ദ്രോഹപരമായ സംഗതി, ഇന്ന് പ്രത്യേക യന്ത്രങ്ങളിലൂടെ സാധാ രുദ്രാക്ഷം പൊടിച്ചു പ്രത്യേക പശ ചേര്‍ത്ത് അച്ചുകളിലൂടെ mold ചെയ്താണ് ഒരുമുഖം, ഗൌരീശങ്കരം, ത്രിമൂര്‍ത്തി , ആറു മുഖത്തിനു മുകളിലോട്ട് ഇവയെല്ലാം വ്യാവസായികമായി നിര്‍മ്മിക്കുന്നത്. അതൊക്കെയാണ്‌ വലിയ വില കൊടുത്തും ഭക്തിയോടെയും വാങ്ങിക്കൊണ്ടുപോകുന്നത്. പറയൂ, സര്‍വ്വവ്യാപിയായ പരമാത്മാവ്‌ നിങ്ങള്‍ക്ക് വഞ്ചന പറ്റിയതിന് ഉത്തരവാദിയാണോ? അതോ സാമാന്യബുദ്ധി ഉപയോഗിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് അടി പറ്റുന്നതോ?

എന്തായാലും രുദ്രാക്ഷത്തിന്റെ എഴുത്ത് ഒരു ഗ്രന്ഥത്തിന് മുഴുവന്‍ വിഷയമാണ്. DC Books പ്രസിദ്ധീകരിച്ചിട്ടുള്ള കലഞ്ഞൂര്‍ രാജപ്പന്‍ നായരുടെ രുദ്രാക്ഷം എന്ന പുസ്തകം ഈ വഴിയില്‍ ഒരു മുതല്‍ക്കൂട്ടാണ്. നാല് യുഗത്തിനെ പ്രതിനിധീകരിക്കുന്ന രുദ്രാക്ഷങ്ങള്‍, രുദ്രാക്ഷത്തിലെ ഓംകാരം, രേഖപ്പെടുത്തിയിട്ടുള്ള മന്ത്രങ്ങള്‍, മാല കെട്ടുന്ന രീതി, ഇവയെല്ലാം പോലെ ജ്യോതിഷ നിര്‍ണ്ണയത്തിലും രുദ്രാക്ഷം ഇന്ന് ആഗോള ചര്‍ച്ചയാണ്. ആചാര്യന്‍ പറയുന്നത് ശിവന്റെ ക്രോധമാണ് രുദ്രാക്ഷമെങ്കില്‍ നമ്മുടെ മോഹമാകരുത് രുദ്രാക്ഷം എന്നാണ്!

രുദ്രാക്ഷക്കായ്‌ മോഹിപ്പിക്കുന്നതുപോലെ തന്നെ ഇടക്കാലത്ത് ഏതോ നഴ്സറി വിദ്വാന്മാര്‍ രുദ്രാക്ഷക്കായുടെ ഏതാണ്ട് ആകൃതിയില്‍ കായുള്ളതും രുദ്രാക്ഷവുമായി യാതൊരു ബന്ധമില്ലാത്തതുമായ ഒരു പാഴ്ചെടിയെ പലയിടത്തും കൊടുത്തു കബളിപ്പിച്ചിട്ടുള്ള കാര്യവും സൂചിപ്പിക്കേണ്ടതായിട്ടുണ്ട് . ഇന്നും വലിയ ക്ഷേത്ര പരിസരങ്ങളിലും ആശ്രമങ്ങളിലും വീടുകളിലും ഈ പാഴ്ചെടിയെ യഥാര്‍ത്ഥ രുദ്രാക്ഷ വൃക്ഷമെന്നു പറഞ്ഞുകൊണ്ട് പൂജിച്ചു വരുന്നു. ആത്മീയതയുമായി പുലബന്ധം പോലുമില്ലാത്ത പത്ര റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും അവയൊക്കെ രുദ്രാക്ഷ വൃക്ഷമെന്നു ഉറപ്പിച്ചു വാര്‍ത്ത നല്‍കി ഹിന്ദുമതത്തെ കബളിപ്പിക്കുകയും ചെയ്തു.

കേരളത്തില്‍ ഏതു കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നും യഥാര്‍ത്ഥ രുദ്രാക്ഷ തൈകള്‍ ലഭിക്കും. ഒരുമുഖം സഹിതം എല്ലാ കായ്കളും അവയില്‍ ഉണ്ടാവുകയും ചെയ്യും. നീലനിറമുള്ള രുദ്രാക്ഷപ്പഴത്തിന്റെ മാംസള ഭാഗം പ്രമേഹത്തെ കുറയ്ക്കാറുണ്ട്. അഞ്ചുമുഖ രുദ്രാക്ഷം തേനില്‍ ഉരച്ചു കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും. ധരിച്ചാല്‍ രക്തശുദ്ദിയും നടക്കും. ഒരുമുഖം വീട്ടില്‍ വെച്ചതുകൊണ്ട് കുബേരനൊന്നും ആവില്ല. (അത് വിറ്റാല്‍ ഒരുപക്ഷെ ലക്ഷപ്രഭുവാകും!) അതുകൊണ്ട് ഇത്തരം വാര്‍ത്തകളെ പൊതുജനഹിതാര്‍ത്ഥം പ്രചരിപ്പിക്കുക. കേരളത്തില്‍ തന്നെ ധാരാളം പേര്‍ വീട്ടുവളപ്പില്‍ രുദ്രാക്ഷം വളര്ത്തുകയും വ്യാവസായിക അടിസ്ഥാനത്തില്‍ വില്ക്കുകയും ചെയ്യുന്നുണ്ട്. രുദ്രാക്ഷത്തോട് അത്ര craze ആണെങ്കില്‍ ആചാര്യന്റെ ആശ്രമത്തില്‍ നിന്നും സൌജന്യമായിപ്പോലും എത്ര വേണമെങ്കിലും ലഭിക്കും.ഗുരുകുല ബന്ധുക്കളുടെ എല്ലാവരുടെ വീട്ടിലും ഈ രുദ്രാക്ഷത്തൈ നട്ടിട്ടുണ്ട്. അതുകൊണ്ട് എളുപ്പവഴിയില്‍ സൌജന്യമായി കിട്ടുന്ന ഒരു വസ്തുവിരിക്കെ വാര്‍ണിഷ് പുരട്ടി പവിത്രത കളയപ്പെട്ടതിനെ 350 രൂപയ്ക്ക് വാങ്ങി വീട്ടില്‍ വയ്ക്കാതിരിക്കൂ.

4 comments:

  1. Njn tvm agriculture college il padikkunna timel.. Avide ulla rudhraksha marathinde chuvattil ninnum kurachu rudhraksham njn collect cheythu... Athu ippozhum ende kayvasham und.. Enikk athu mala ay kettanm ennu und.. ennal athinde acharagalu..Cheyyenda reethiyum ariyathathinal ippozhum sookshikkunnu...enne help cheyyan nthegilum vivaragal tharan kazhiyumo?

    ReplyDelete
  2. Njn tvm agriculture college il padikkunna timel.. Avide ulla rudhraksha marathinde chuvattil ninnum kurachu rudhraksham njn collect cheythu... Athu ippozhum ende kayvasham und.. Enikk athu mala ay kettanm ennu und.. ennal athinde acharagalu..Cheyyenda reethiyum ariyathathinal ippozhum sookshikkunnu...enne help cheyyan nthegilum vivaragal tharan kazhiyumo?

    ReplyDelete
    Replies
    1. കുറച്ച്ദിവസം എള്ളെണ്ണയിലിട്ട് വച്ചശേഷം തിങ്കളാഴ്ചദിവസം മാലയായി ധരിക്കുക.

      Delete
  3. ഞാൻ അനിൽകുമാർ കൊല്ലം ജില്ലയിലെ തലവൂർ വില്ലേജിലാണ് താമസംഎനിക്ക് ഒരു രുദ്രാക്ഷത്തിന്റെ തൈ കിട്ടാൻ എന്താണ് മാർഗ്ഗം?

    ReplyDelete