Monday, 18 March 2013

സ്ഥൂലപ്രപഞ്ചവും അറിവും തമ്മില്‍ ഉള്ള വ്യത്യാസം :

പ്രപഞ്ചം മിഥ്യ. അറിവാണ് സത്യം എന്ന് പലപ്പോഴായി കേള്‍ക്കുന്നു. പക്ഷെ പ്രപഞ്ചം സത്യമായി ഭൂരിപക്ഷത്ത്നും അനുഭവപ്പെടുന്നു. അറിവ് പൂര്‍ണം ആയി കിട്ടുന്നവര്‍ വിരളം. പിന്നെ അറിവാണ് സത്യം എന്ന് എങ്ങനെ പറയും? പ്രപഞ്ചം അല്ലെ മുന്നില്‍ സത്യമായി നീണ്ടു നിവര്‍ന്നു കിടക്കുന്നത്?

ഇതിന്റെ ഉത്തരം ശരിയായി മനസ്സിലാക്കണം.

അറിവ് ആണ് വിത്ത്‌. പ്രപഞ്ചം ആണ് വൃക്ഷം. വിത്ത്‌ പരിണമിച്ചു മരം ആയി. അറിവ് മായയില്‍ പ്രവേശിച്ചു ലോകം ഉണ്ടായി. മരം ഉണ്ടായ വിത്ത്‌ എവിടെ എന്ന് അന്വേഷിച്ചാല്‍ കിട്ടില്ല. വിത്ത്‌ മരം ആയി തീര്‍ന്നിരിക്കുന്നു. പ്രപഞ്ചത്തില്‍ അറിവ് അന്വേഷിച്ചാലും ഇത് തന്നെ ഗതി. ചില അറിവുകള്‍ കിട്ടും. ചിലത് കിട്ടില്ല. കിട്ടുന്ന അറിവില്‍ ജീവിക്കാം. പക്ഷെ അത്രയും മാത്രമല്ല അറിവ് ഉള്ളത് എന്ന് മറക്കരുത്.

പൂര്‍ണമായ പ്രപഞ്ചത്തില്‍ നിന്നും എത്രത്തോളം അറിവ് ആര്‍ജിക്കാന്‍ കഴിയും എന്നതാണ് മനുഷന്റെ മുന്നില്‍ ഉള്ള വെല്ലുവിളി. എത്ര അറിവ് ആര്ജിച്ചോ അത്രയും കാര്യങ്ങള്‍ മനസ്സിലാകും. അതായതു പ്രപഞ്ചത്തിന്റെ എത്രയും ഭാഗം മനസ്സിലാക്കാന്‍ കഴിയുമോ അത്രയും ഭാഗം അറിവായി മനസ്സില്‍ ലയിക്കും. പിന്നെ സ്ഥൂല പ്രപഞ്ചത്തിന്റെ ബാക്കി ഭാഗങ്ങള്‍ മാത്രമേ സ്ഥൂലം ആയി കാണപ്പെടുകയുള്ള്.

അങ്ങനെ സ്ഥൂലത്തെ പൂര്‍ണമായും ഗ്രഹിക്കാന്‍ (മനസ്സിലാക്കാന്‍ / അറിയാന്‍) കഴിഞ്ഞാല്‍ സ്ഥൂലത്തിന്റെ സ്ഥാനത്ത് അതിനെ കുറിച്ചുള്ള അറിവ് മാത്രമേ അവശേഷിക്കൂ. അറിയാത്തവരെ സംബന്ധിച്ചിടത്തോളം സ്ഥൂലം അങ്ങനെ തന്നെ മുന്നില്‍ നില്‍ക്കും. ഈ പൂര്‍ണമായ അറിവ് പരമാത്മാവിന് എപ്പൊഴും ലഭ്യം ആണ്. മനുഷ്യര്‍ക്ക്‌ അല്ല. കാര്യം മനസ്സിലാകാത്തതിനാല്‍ മനസ്സിലായവരെ ആശ്രയിക്കേണ്ടി വരും. അതിനാണ് പഠനം എന്ന് പറയുന്നത്.

കാള കളിച്ചു നടന്നാല്‍ സ്ഥൂലം ഒടുവില്‍ നെഞ്ചത്ത് കേറി ഇരിക്കും. (ചത്തു പോകും). അതാണ് എന്ത് വില കൊടുത്തും വിദ്യ അഭ്യസിക്കാന്‍ അറിവുള്ള ഗുരുക്കള്‍ പറഞ്ഞിട്ടുള്ളത്. പൂര്‍ണമായ അറിവ് നേടുന്നവര്‍ അറിവില്‍ തന്നെ എത്തി ചേര്‍ന്നു മരണത്തെ അതിജീവിക്കുന്നു. ഈ ജന്മത്ത് അറിവ് പൂര്‍ണം ആയില്ലെങ്കിലും കുഴപ്പം ഇല്ല. അത് അടുത്ത ജന്മത്ത് തുടരാം.

അതല്ല അറിവ് നേടാതെ സ്ഥൂലത്തെ പുണര്‍ന്നാലോ? കുറച്ചു അറിവും കുറച്ചു സ്ഥൂലവും ! അതല്ലേ അതിന്റെ ഒരു ബുദ്ധി ? ഇതാണ് മിക്കവരും ചെയ്യുന്നത്. കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇവിടെ എന്ത് ചെയ്യാനും തടസ്സം ഇല്ല. ചെയ്യുന്നതിന്റെ ഒക്കെ കണക്കു സ്വയം വഹിക്കേണ്ടിവരും എന്നെ ഉള്ളു. സ്ഥൂലം മുഴുവന്‍ അറിവായി മാറുമ്പോള്‍ ജീവിതലക്‌ഷ്യം പൂര്‍ത്തിയായി.

ഇല്ലെങ്കില്‍ സ്ഥൂലത്തില്‍ പിടിച്ചു ഞെളിയാം. അത്രയും സ്ഥൂലം കൈവശം ഇല്ലാത്തവര്‍ സ്തുതിക്കും. മരണം വരെ അങ്ങനെ സുഖമായി കഴിയാം. അടുത്ത ജന്മം എന്താണെന്ന് അറിയണമെങ്കില്‍ മനസ്സിലെ ചിന്തകളും പ്രവര്‍ത്തികളും എന്തായിരുന്നു എന്ന് ചിത്ര ഗുപ്തനോട് ചോദിക്കണം ! ഇതിലുള്ള അപകടം എന്താണെന്നു വച്ചാല്‍ മനുഷ്യജന്മം ഉഴപ്പിയാല്‍ പിന്നെ അടുത്ത ജന്മം പോത്താണോ കഴുത ആണോ പുഴു ആണോ പാറ്റ ആണോ എന്ന് ഉറപ്പിച്ചങ്ങട് പറയാന്‍ പറ്റില്ല. പിന്നെ ആലു മുളച്ചാല്‍ അതും തണല്‍ എന്ന് കരുതുന്ന ഇനവും കാണും. എല്ലാക്കാര്യങ്ങളും ഇങ്ങനെ ആണ്. നല്ല ഒന്നിന് ആയിരം പാഴ്. അത് അങ്ങനെ തന്നെ എടുത്താലും മതിയെന്ന് തോന്നുന്നു

No comments:

Post a Comment