Sunday 8 December 2013

ഹിന്ദുമതത്തിന്റെ പൊരുള്‍

ഹിന്ദുമതത്തിന്റെ പൊരുള്‍

അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല.

ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു 'മതം' ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു.

പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ.

ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം. മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം.

സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല.

ഹിന്ദു ബിംബങ്ങളുടെ അര്‍ഥം:

ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്‌, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍.

അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്.

രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ?

ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക.

ഇന്ദ്രന്‍ എന്നാല്‍ മനസ്.

ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്).

ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്.

33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves)

സ്വര്‍ഗം എന്നാല്‍ മനോലോകം.

സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം.

ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം.

അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം.

മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്‌. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ്‌ എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്.

ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം.

വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല.

അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും.

സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു.

അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍.

രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ.

സീത എന്നാല്‍ മനസ്സ്.

രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം.

സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ്‌ രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം.

രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം.

അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും.

ഇനി മഹാഭാരതം എടുത്താലോ ?

അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി.

അര്‍ജുനന്‍ ആണ് മനസ്.

കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ !

'എന്തോന്ന് ദൈവമെടെ ഇതു' എന്ന് അന്യമതസ്ഥര്‍ !

ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ 'ആകര്‍ഷിക്കുന്നത്' എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍.

ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ.

ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. എന്നിട്ടോ ?

എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം.

ഇനിയോ ?

ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ !

ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്. അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല.

കൃഷ്ണന്‍ എന്നാല്‍ ആത്മാവ്.

ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ.

ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ്‌ കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍.

പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം !

പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും. ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.

വല്ലതും മനസ്സിലായോ ആവോ ?

No comments:

Post a Comment