Saturday, 11 January 2014

ഭക്ഷ്യ സുരക്ഷ

ഭക്ഷ്യ സുരക്ഷ

വഴിയിലൂടെ നടന്നു വരുമ്പോള്‍ കാണുന്നത്.

കോടികള്‍ വിലമതിക്കുന്ന കാറുകളില്‍ ചിലര്‍ ഒഴുകിപ്പോവുന്നു. ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാച്ച്, ചെരുപ്പ്, കണ്ണട, പേന, സുഗന്ധ ദ്രവ്യങ്ങള്‍. കേമം. സായിപ്പ് പോലും വാപൊളിച്ചു പോകുന്ന ആര്‍ഭാടം. ജീവിക്കുന്നെങ്കില്‍ ഇങ്ങനെ ജീവിക്കണം.

റോഡരുകില്‍ മറ്റൊരു കാഴ്ച്ച.

ഭിക്ഷക്കാരന്‍ നാണയത്തുട്ടുകള്‍ക്കായി കൈനീട്ടുന്നു. പിച്ചിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രം. ഈച്ച പൊതിയുന്ന ചിരങ്ങ്. എണ്ണ കണ്ടിട്ടില്ലാത്ത ചെമ്പന്‍ മുടി. എന്തോന്ന് ജീവിതമെടെ ഇത് ?

ഇനി രണ്ടിനെയും കൂടി ഒരേ ഫ്രെയിമില്‍ ആക്കി ഫോട്ടോഷോപ്പ് നടത്തി.

സിസ്റ്റം ശരിയല്ല.

ഏറ്റവും കുറഞ്ഞത്‌ ആ ഭിക്ഷക്കാരനു ആവശ്യത്തിനുള്ള നല്ല ഭക്ഷണം കൊടുക്കാന്‍ സമൂഹം ബാധ്യസ്ഥമാണ്. പണക്കാരന്‍ കേമന്‍ ഒരു ഷൂ കുറച്ചു വാങ്ങിയാലും ശരി. അത് സാധ്യമാക്കേണ്ടത് ഭരണാധികാരികള്‍ ആണ്.

രാഷ്ട്രീയക്കാര്‍ ഈ തുല്യത ഉണ്ടാക്കാം എന്നും പറഞ്ഞാണ് അധികാരത്തില്‍ കയറുന്നത്. കേറിക്കഴിഞ്ഞാലോ? പണക്കാര്‍ അവരെ ചാക്കിട്ടു സുഖലോലുപമായ ആര്‍ഭാട ജീവിതത്തിലേക്ക് നയിക്കും. ദരിദ്രവാസി രാഷ്ട്രീയക്കാരന്‍ ഉണ്ടോ ഇത് വല്ലതും കണ്ടിട്ടുള്ളു ? അവര്‍ പണക്കാരുടെ വാദങ്ങള്‍ കേള്‍ക്കും. അവര്‍ പറയുന്നത് പൂര്‍ണമായും ശരിയല്ല എന്ന് പറഞ്ഞു പോയാല്‍ രാഷ്ട്രീയക്കാരന്റെ കാര്യം കട്ടപ്പൊഹ. അതുകൊണ്ട് അവര്‍ അങ്ങനെ പറയില്ല. വോട്ടു നല്‍കിയ പാവങ്ങളെ തള്ളിപ്പറയാനും പറ്റില്ല. അവര്‍ പിന്നെ വോട്ടു തന്നില്ലെങ്കിലും രാഷ്ട്രീയക്കാരന്റെ കാര്യം കട്ടപ്പൊഹ.

കുടുങ്ങി എന്ന് പറഞ്ഞാല്‍ ഇതാണ്.

രാഷ്ട്രീയക്കാര്‍ സൌകര്യത്തിനു ഓരോന്ന് പറയുന്നത് ഇത് കൊണ്ടാണ്. അവര്‍ക്ക് അങ്ങനെയേ പറ്റുള്ളൂ. സുഖമായി ജീവിക്കണം. അതിനു പണക്കാരന്റെ സമ്മതം വേണം. എന്നാലോ വോട്ടു വേണം താനും. അതിനു പാവങ്ങളുടെ സമ്മതം വേണം.

അതാണ്‌ രാഷ്ട്രീയക്കാരോട് എന്തെങ്കിലും ചോദിച്ചാല്‍ എങ്ങും തൊടാതെ മറുപടി പറയുന്നത്.

ഇനി മതങ്ങള്‍ എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കുക.

മതങ്ങള്‍ എന്നാല്‍ പുരോഹിതര്‍ എന്ന് വായിക്കുക. അല്ലാതെ യേശു, നബി, ബുദ്ധന്‍ തുടങ്ങിയ വലിയ മനുഷ്യര്‍ അല്ല. മറിച്ചു അവരെ മുന്നില്‍ നിറുത്തി അഭ്യാസം കാണിക്കുന്ന പുരോഹിതന്മാരെ നോക്കുക.

പുരോഹിതര്‍ ഇങ്ങനെ പറയും.

ഭക്തകോടികളെ. ഈ ലോകം അതിലെ അനുഭവങ്ങള്‍ ഒക്കെ വെറും സാമ്പിള്‍ മാത്രം ആണ്. ഇത് കഴിഞ്ഞു ആണ് ശരിക്കുള്ള ജീവിതം വരാന്‍ ഇരിക്കുന്നത്. അതായത് ശത്തു കയിഞ്ഞിട്ട്‌. ഇവിടെ നിങ്ങള്‍ അനുസരണയോടെ ഞാന്‍ പറയുന്നത് കേട്ട് ജീവിച്ചാല്‍ ചത്തു കഴിഞ്ഞു ദൈവം ഞങ്ങള്‍ക്ക് സ്വര്‍ഗീയ ജീവിതം തരും.

ഇത് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.

ആളുകള്‍ക്ക് വേണ്ടത് ഇവിടെ തന്നെ സുഖമായി ജീവിക്കുക ആണ്. ചത്തു കഴിഞ്ഞിട്ട് എന്തോ കിട്ടും എന്ന് പറയുന്നത് തന്നെ ഉടായിപ്പ് അല്ലെ എന്നാണ് ബോധമുള്ളവരുടെ സംശയം.

സംഗതി സത്യവും ആണ്.

ഇവിടെ പണം ഉണ്ടെങ്കില്‍ സുഖമായി ജീവിക്കാം. ലോകത്ത് നൂറു പേര്‍ ആകെ ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് ആവശ്യത്തിനു പണം ഉണ്ടാവും ? പത്തു പേര്‍ എന്ന് വയ്ക്കുക. 40 പേര്‍ ഒരു വിധം കഴിഞ്ഞു പോകുന്നു. അമ്പത് പേര്‍ ദാരിദ്ര്യത്തില്‍ ആണ്.

പണം ഉള്ളവര്‍ അത് ബാക്കി ഉള്ളവര്‍ക്ക് കൂടി പകുത്തു കൊടുത്ത് എല്ലാവരും സമത്വ സുന്ദരമായി ജീവിക്കുന്നത് കാണാന്‍ ആഗ്രഹിക്കുമോ ?

ഉവ്വാ !

അതൊന്നും നടക്കാന്‍ പോകുന്നില്ല മോനെ ദിനേശാ. സിനിമയില്‍ ഒക്കെ ചില ചപ്പടാചികള്‍ കാണിച്ചു ജനങ്ങളെ മോഹിപ്പിക്കാം എന്നല്ലാതെ ഇതൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

പിന്നെ ആകെ ഒരു വഴി ഉള്ളത് സമൂഹത്തിലെ എല്ലാവര്‍ക്കും നല്ല ഭക്ഷണം എങ്കിലും ഉറപ്പാക്കുക എന്നതാണ്. നല്ല ഭക്ഷണം എന്ന് പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് ആപ്പിളും ഭിക്ഷക്കാരനു പേരക്കയും എന്നല്ല.

അംബാനിക്ക് കാശ്മീരി ആപ്പിളും ഡ്രൈവര്‍ക്ക് മൈസൂര്‍ ആപ്പിളും എന്നല്ല.

ചെന്നിത്തലയ്ക്ക് മുഴുത്ത ആപ്പിളും തൂപ്പുകാരന് ചതഞ്ഞ ആപ്പിളും എന്നും അല്ല.

എല്ലാവര്ക്കും നല്ല ബെസ്റ്റ് ക്വാളിറ്റി ആപ്പിള്‍.

അതുപോലെ പാല്, നേന്ത്രപ്പഴം, മുട്ട. എല്ലാ ദിവസവും. സര്‍ക്കാര്‍ ചിലവിലും ഉത്തരവാദിത്വത്തിലും.

നടക്കുമോ ?

എന്താ മുഖത്തൊരു വൈക്ലബ്യം ?

എന്ത് കൊണ്ട് ഇല്ല ?

ആപ്പിള്‍ ഉണ്ടാക്കുന്നത് പണക്കാരന്‍ അല്ല. രാഷ്ട്രീയക്കാരന്‍ അല്ല. പുരോഹിതന്‍ അല്ല. പിന്നെയോ. മരങ്ങള്‍ ആണ്. ആകെ എത്ര ആപ്പിള്‍ സമൂഹത്തിനു വേണമോ അത്രയും ആപ്പിള്‍ ഉണ്ടാകുന്ന തരത്തില്‍ മരങ്ങള്‍ നടണം. സംരക്ഷിക്കണം. അത് പോലെ മറ്റു ഫല വൃക്ഷങ്ങളും. അത് സര്‍ക്കാരിന്റെ ജോലി !

രാവിലെ സൈക്കിളും ചവിട്ടി ഗ്രാമങ്ങളിലെ പാവപ്പെട്ട വീടുകളിലും നഗരത്തിലെ ഭിക്ഷക്കാരുടെ അടുത്തും ചെന്ന് "ഭക്ഷണം മുറപോലെ കിട്ടുന്നുണ്ടോ ? ഇല്ലെങ്കില്‍ എന്റെ ജോലി പോകും. ചതിക്കരുത് " എന്ന് പറയുന്ന ഒരു ഭക്ഷ്യ മന്ത്രിയെ സങ്കല്‍പിക്കാന്‍ പറ്റുമോ ?

ആദ്യം എല്ലാവര്‍ക്കും നല്ല ഭക്ഷണം ഉറപ്പാക്കുക. അതാണ്‌ സര്‍ക്കാരിന്റെ ആദ്യ ജോലി. അല്ലാതെ ജനങ്ങളുടെ നികുതിപ്പണത്തില്‍ സുഖമായി പഞ്ച നക്ഷത്ര ശൈലിയില്‍ ദരിദ്രവാസികളെ ജീവിച്ചു കാണിക്കുകയല്ല.

ചുമ്മാ കമ്മിഷന്‍ അടിച്ചു സുഖമായി ജീവിക്കാന്‍ രാഷ്ട്രീയത്തില്‍ വരുന്നവരെകൊണ്ട് ജനങ്ങള്‍ക്ക്‌ വേണ്ടി ജോലി ചെയ്യിപ്പിക്കണം.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയാല്‍ പിന്നെ വധേര സ്ഥലം അമുക്കിയെന്നോ അംബാനിയുടെ ഭാര്യ ഹെലികോപ്ടറില്‍ രാവിലെ ജോഗിംഗ് നു പോയെന്നോ ഒക്കെ കേട്ടാലും ജനങ്ങള്‍ക്കു ടെന്‍ഷന്‍ ഉണ്ടാകില്ല. കാരണം ഏറ്റവും കുറഞ്ഞത്‌ നല്ല ഭക്ഷണം എങ്കിലും ഉറപ്പാണല്ലോ.

എന്ത് പറയുന്നു ?

No comments:

Post a Comment