Saturday, 11 January 2014

ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു:

ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു:

കൃഷ്ണന്റെ രീതികളുടെ ഒരു സാമ്പിള്‍ പറയാം. ചിലര്‍ കേട്ടിരിക്കും.

കൃഷ്ണനും അര്‍ജുനനും കൂടി നടക്കാന്‍ പോയി. നടന്നു നടന്നു ഉച്ചയ്ക്ക് ഒരു ധനികന്റെ വീട്ടില്‍ എത്തി. അവിടെ മകന്റെ കല്യാണം. അര്‍ജുനന്‍ ഭക്ഷണം ചോദിച്ചു. ചടങ്ങ് കഴിയട്ടെ എന്ന് മറുപടി. അര്‍ജുനന് കോപം. കൃഷ്ണന് പുഞ്ചിരി. ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞു ഭക്ഷണം കിട്ടി. കൃഷ്ണന്‍ പുഞ്ചിരിച്ചു കൊണ്ടു അനുഗ്രഹിച്ചു. "ദീര്‍ഖായുസ്സായി സമ്പന്നരായി ജീവിക്കുക" അര്‍ജുനന്‍ കോപിച്ചു വിറച്ചു. ഇത്രയും നേരം വിശന്നിട്ടു ഇരുത്തിയവരെ അനുഗ്രഹിക്കുകയോ? കൃഷ്ണന് പുഞ്ചിരി തന്നെ.

വീണ്ടും നടന്നു. വൈകുന്നേരം ഒരു ഗ്രാമത്തിലെ കുടിലില്‍ എത്തി. അവടെ ഒരു ചാവാറായ പശുവും എഴുന്നേറ്റു നടക്കാന്‍ തന്നെ വയ്യാത്ത ഒരു വയസ്സനും. കുടിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് അര്‍ജുനന്‍. വയസ്സന്‍ കഷ്ടപ്പെട്ട് അകത്തുപോയി രണ്ടു ഗ്ലാസ്‌ സംഭാരം കൊണ്ടു വന്നു. കൃഷ്ണനും അര്‍ജുനനും കുടിച്ചു. നന്ദി പറഞ്ഞു. പോകുന്ന വഴി അര്‍ജുനന്‍ മാത്രം കേള്‍ക്കെ കൃഷ്ണന്റെ അനുഗ്രഹം "പശു ചത്തു പോട്ടെ !" ഠിം ! പശു വീണു ചത്തു. അര്‍ജുനന് സംശയം ഇനി കൃഷ്ണനും വട്ടു പിടിച്ചോ? കൃഷ്ണന്‍ അപ്പോഴാണ്‌ ആ രഹസ്യം പറയുന്നത്. ശ്രദ്ധിച്ചു കേള്‍ക്കണം.

സമ്പന്നന്‍ പരമാത്മാവില്‍ നിന്നും അകലെ ആണ്. സമ്പന്നന്റെ മനസ്സില്‍ പരമാത്മാവ്‌ ഇല്ല. ലോകം സുഖം സമ്പത്ത് ഇവ ആണ് സമ്പന്നനു വേണ്ടത്. ധ്യാനം, ദയ, മുക്തി, ദൈവം ഇതൊന്നും സമ്പന്നനു വിഷയം അല്ല. അതാണ്‌ കൃഷ്ണന്‍ സമ്പന്നനെ അനുഗ്രഹിക്കുന്നതു. ഇനിയും അനേക തലമുറകള്‍ സമ്പന്നരായി സുഖമായി ജീവിക്കുക. എന്ന് പറഞ്ഞാല്‍ എന്താ അര്‍ഥം? അടുത്ത കാലത്തൊന്നും നീ എന്റെ പരിസരത്ത് പോലും വരരുത് ! ദൂരെ പോയി ജീവിചോണം. എനിക്ക് നിന്നെ കാണുകയെ വേണ്ട.

അപ്പോള്‍ പശുവിനെ കൊന്നതോ? പശു ആകെ വയസ്സുചെന്നു ചാവാറായി നില്കുന്നു. അതിനെ സംരക്ഷിക്കാന്‍ മാത്രം ആണ് വയസ്സന്‍ ജീവിച്ചിരിക്കുന്നത്‌. വിട്ടു കളയാന്‍ പറ്റില്ല. ഒറ്റയ്ക്ക് പശു എന്ത് ചെയ്യും? പശുവും വയസ്സനും തമ്മില്‍ ബന്ധം ഉണ്ട്. പരസ്പരം ആശ്രയിചാണ് അവര്‍ നില്‍ക്കുന്നത്. ഒന്ന് പോയാല്‍ മറ്റെതു അനാഥം. അപ്പോള്‍ കൃഷ്ണന്‍ എന്ത് ചെയ്തു? പശു ചത്തു പോകാന്‍ അനുഗ്രഹിക്കുന്നു. അപ്പോള്‍ എന്ത് പറ്റും? വയസ്സനു ഇനി ബാധ്യതകള്‍ ഇല്ല. ആകെ ഒരു ബന്ധം ഉണ്ടായിരുന്നത് ആ പശുവിനോടാണ്. അത് ചത്തു. വൃദ്ധന്‍ താമസിയാതെ മരിക്കും. പശുവും വൃദ്ധനും പരമാത്മാവില്‍ എത്തും.

ചുരുക്കി പറഞ്ഞാല്‍ ഇതാണ് പരമാത്മാവിന്റെ രീതി. അര്‍ജുനന് ഇത് ദഹിക്കില്ല. കാര്യം മനസ്സിലാകാഞ്ഞിട്ടാണ്. കാര്യം മനസ്സിലാക്കാന്‍ ആണ് പരമാത്മാവ്‌ കഷ്ടപ്പെട്ട് അര്‍ജുനന്റെ കൂടെ കൂടിയീരിക്കുന്നതു. എന്ത് ചെയ്യാം, എന്ത് പാടില്ല എന്ന് കൃഷ്ണനു അറിയാം. മറ്റുള്ളവര്‍ക്ക് അറിയില്ല. അവര്‍ അവര്‍ക്ക് തോന്നുന്നത് ചെയ്യും. അതിന്റെ ഫലം കിട്ടുകയും ചെയ്യും. ഇതൊരു കര്‍മ വൃത്തം ആണ്. ചെയ്തതിനു ഉത്തരം പറയാതെ ഇവിടെ നിന്നും രക്ഷപ്പെടില്ല. എത്ര ജന്മം കഴിഞ്ഞു ആയാലും.

No comments:

Post a Comment