Tuesday 30 April 2013

നാടകമേ ഉലകം

നാടകമേ ഉലകം

നമ്മള്‍ ഓരോ നിമിഷവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്.

ഓരോ ദിവസവും ഒരു ജന്മം ആണ്. കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ച.

രാത്രിയില്‍ ഉറങ്ങുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ ? അന്നത്തെ മാനസ്സിക വ്യാപാരങ്ങള്‍ അടുക്കി ഒതുക്കി വയ്ക്കപ്പെടുന്നു. നമ്മള്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നത് അല്ല. സ്വയം സംഭവിക്കുന്നതാണ്. നമ്മള്‍ ചെയ്യുന്നു എന്ന് തോന്നുന്നത് അഹം ബോധം (ശാരീരിക ബോധം) ഉള്ളത് കൊണ്ടാണ്. അതില്ലെങ്കില്‍ പിന്നെ ലോകവും ഇല്ല. ശരീരവും ഇല്ല..മനസ്സും ഇല്ല. പിന്നെ ആകെ ഉള്ളത് ബോധം മാത്രം..അനന്തമായ ബോധം. അതാണ്‌ പരമാത്മാവ്‌. നമ്മുടെ യഥാര്‍ത്ഥ സ്വരൂപം. അത് തിരിച്ചറിയണം എന്ന് മാത്രമേ ഗുരുക്കന്മാര്‍ പറയുന്നുള്ളൂ.

പകരം എന്താണ് സംഭവിക്കുന്നത്‌ ? നമ്മുടെ ശാരീരിക ലോക ബോധം ഒരിക്കലും നമ്മെ വിട്ടു പോകുന്നില്ല. മനസ്സ് ലോകത്ത് വ്യാപരിച്ചു കൊണ്ടേ ഇരിക്കും. കാരണം എന്താ ? നമുക്ക് താല്പര്യം ഉള്ള വസ്തുക്കള്‍ ലോകത്ത് ഉണ്ട്. വിടാന്‍ പറ്റുമോ ? ഈ താല്പര്യം മുറിച്ചു കളഞ്ഞാല്‍ പിന്നെ ലോകം ഉണ്ടെങ്കിലും നമ്മെ ബാധിക്കുകയില്ല. മറ്റുള്ളവരുടെ ലോക ബന്ധങ്ങള്‍ അതെ പടി നില്കുംപോഴും മനസ്സ് അതില്‍ നിന്നും മാറ്റിയവര്‍ക്ക് ലോകം ഒരു മായ, സ്വപ്നം ആയി അനുഭവപ്പെടും. മനസ്സിന് ലോക ബന്ധം ഉള്ളപ്പോഴോ ? ലോകം സത്യമായി മുന്നില്‍ കാണും. ഈ വിദ്യ ആണ് പഠിക്കേണ്ടത്. ലോകത്ത് നിന്നും മനസ്സിനെ വേര്‍പെടുത്തുന്ന വിദ്യ. ശ്രമിച്ചു നോക്ക്. അത്ര എള്പ്പം അല്ല. അതാണ്‌ അതിലെ പരീക്ഷയും.

ഇതൊരു വലിയ കളി ആണ്.

കാര്യം മനസ്സിലാക്കാന്‍ ഒരു വഴിയെ ഉള്ളു.

അതായതു സ്വയം മാറ്റി നിറുത്തി ലോകത്തെ കാണാന്‍ ശ്രമിക്കുക.

തുടക്കത്തില്‍ ഇത് വലിയ പ്രശ്നം ആണ്. കാരണം നമ്മള്‍ അങ്ങനെ അല്ല ലോകത്തെ നേരിട്ടിട്ടുള്ളത്. നേരിടാന്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ലോകത്ത് നിന്നും നമുക്ക് ഇഷ്ടപ്പെടുന്നതൊക്കെ സ്വായത്തം ആക്കാന്‍ ആണ് നമ്മെ ശീലിപ്പിക്കുന്നത്.

ബ്രഹ്മവിദ്യ ഇതീനു നേരെ വിപരീതം ആണ്. എന്തൊക്കെ നമ്മെ ആകര്‍ഷിക്കുന്നുവൊ അവയൊക്കെ ആണ് നമ്മുടെ ദൌര്‍ബല്യങ്ങള്‍ എന്ന് തിരിച്ചറിയുക ആണ് ബ്രഹ്മ വിദ്യയുടെ രീതി. ഈ 'തല തിരിഞ്ഞ' രീതി എന്തിനു എന്ന് ചോദിച്ചാല്‍, സ്വായത്തം ആക്കുന്നതു കൊണ്ട് സ്വന്തം ആകുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് കൊണ്ടാണ്.

പകരം ഒരു ബന്ധത്തില്‍ ആണ് ചെന്ന് പെടുന്നത്. പിന്നെ അത് മുറിക്കാന്‍ പറ്റില്ല.

ഇനി ഒന്ന് കൂടി നോക്കുക.

ആദ്യം ബന്ധങ്ങള്‍ ഇല്ലായിരുന്നു. ബന്ധങ്ങള്‍ കൊള്ളാം എന്ന് തോന്നി. എന്തിനു ? അറിയില്ല. അങ്ങനെ തോന്നി. ശരി. ബന്ധപ്പെട്ടു. ഇപ്പോള്‍ എന്താ പ്രശ്നം ? ഊരാന്‍ വയ്യ. അതാണ്‌ പ്രശ്നം. മരണം തന്നെ ശരണം. പിന്നെ മരിക്കുന്നത് വരെ പൊങ്ങിക്കിടക്കാന്‍ ആവും ശ്രമം. ഇതാണ് മായയുടെ പോക്ക്.

ഇതിന്റെ മറ്റൊരു വശം. ചിലര്‍ക്ക് നല്ല വേഷങ്ങള്‍ കിട്ടുന്നു. രൂപ സൌകുമാര്യവും, സമ്പത്തും ബന്ധു മിത്രാദികളും ആരോഗ്യവും.. ഇവരെ മറ്റുള്ള വര നോട്ടമിടുന്നു. കൂടെ കൂടിയാല്‍ രക്ഷപ്പെട്ടു ! കൂടെ കൂട്ടുകയില്ല എങ്കിലോ ? ശത്രുത ആയി. നോക്കണേ ! ജന്മത്ത് മിണ്ടുകയില്ല. എന്നാലും നീ എന്നോടിങ്ങനെ ചെയ്തല്ലോ !

എന്നാല്‍ പിന്നെ വിട്ടു കളഞ്ഞു കൂടെ ? അവര്‍ക്ക് കൂട്ടാന്‍ പറ്റിയില്ല. പകരം മറ്റൊരാളെ, കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ കൂട്ടി. ബാക്കിയുള്ളവര്‍ക്ക് എന്താ പ്രശ്നം ? പ്രശ്നം ഒന്നും ഉണ്ടാവേണ്ടതല്ല. പക്ഷെ മനസ്സ് വിടില്ല. പിന്നെ അവരുടെ നാശം കാണാന്‍ ആവും ഇഷ്ടം. കണ്ടോ ! ഇന്നലെ വരെ അവരെ അംഗീകരിച്ചു. ഇന്ന് മുതല്‍ അവര്‍ ചത്താല്‍ മതിയെന്ന് ആയി. എന്നാല്‍ ചകുന്നുണ്ടോ ശവങ്ങള്‍ ? അവര്‍ കൂടുതല്‍ തേജസ്സായി കഴിയുന്നു ! കൊഞ്ഞനം കുത്തിയത് സഹിക്കാം. പ്രുഷ്ടം ചൊറിഞ്ഞു കാണിച്ചാലോ ? കൈ തരിക്കും ! തലോടാന്‍ എടുത്ത കൈകള്‍ ആയിരുന്നു ഇന്നലെ. ഇപ്പോള്‍ കൊട്ടുവടി ആണ് കയ്യില്‍.

എന്തൊരു കഷ്ടം. മായ യുടെ ലീലാ വിലാസം.

ഗുരുക്കന്മാര്‍ ഈ മായയുടെ ആകര്‍ഷണത്തില്‍ നിന്നും ബന്ധത്തില്‍ ചെന്ന് പെടാതെ ആദ്യമേ ജാമ്യം എടുക്കുന്നു. ലോക ബന്ധങ്ങള്‍ വേണ്ട എന്നാണ് അവര്‍ തീരുമാനിക്കുന്നത്. അത് അത്ര എളുപ്പം അല്ല. ആകര്‍ഷണങ്ങളോട് കൊഞ്ഞനം കാണിച്ചു രക്ഷപ്പെടാന്‍ പറ്റില്ല. ശരിയായ മറുപടി തന്നെ പറഞ്ഞാലേ ബന്ധം വിടു. മിക്കവരും ആകര്‍ഷണങ്ങളോട് സന്ധി ചെയ്യുന്നു. പിന്നെ വീണത്‌ വിദ്യ ആക്കാനാണ് ശ്രമം. നാലാള്‍ക്കു ഒപ്പം ജീവിക്കണ്ടേ ? വേണം വേണം.

അങ്ങനെ ആണ് ലോകം നാടകം ആവുന്നത്.

രാമനോട് നമുക്ക് സ്നേഹവും രാവണനോടു ദേഷ്യവും തോന്നും ! തിരിച്ചും ആവാം. ബഹുജനം പലവിധം. പക്ഷെ ഈ രാമനും സീതയും ഹനുമാനും ലക്ഷ്മണനും എല്ലാം ഒരേ ശക്തിയുടെ പല ഭാവങ്ങള്‍ മാത്രമാണ് എന്ന് നമ്മള്‍ അറിയാതെ പോകും. രാവണന്‍ ആണ് ആ ശക്തിയുടെ തമാശക്കാരന്‍ ! വില്ലന്‍ അല്ല ! കൊഴുപ്പിക്കാന്‍ ഇറക്കിയ വിദൂഷകന്‍ ! നമുക്കുണ്ടോ ചിരി വരുന്നു ! നമുക്ക് രാവണനോടു തോന്നുന്നതോ ? കോപവും വെറുപ്പും.

അങ്ങനെ ആയില്ലെന്കിലെ അത്ഭുതം ഉള്ളു.

അതാണ്‌ അറിയുന്നവനും അറിയാത്തവനും തമ്മില്‍ ഉള്ള വ്യത്യാസം. രാമന്റെ മറ്റൊരു ഭാവം ആണ് രാവണന്‍. രാവണനെ സൃഷ്ടിക്കുന്നത് തന്നെ അതിന്‍റെ കുഴപ്പങ്ങള്‍ കാണിച്ചു അതിനെ ഇല്ലാതെ ആക്കാന്‍ ആണ്. ആകെ ഒരു ജഹള !

ഒരര്‍ത്ഥവുമില്ല ഒന്നിനും...വരുമോരോ ദശ വന്ന പോലെ പോം...

Shakespeare said.

The world is a stage. We are all actors. Full of sound and fury. Signifying nothing.

LOL ! This precisely is Brahmavidya. What Shakespeare said. Wise ones get it automatically. language or location no bar.

ഇത് മുഴുവന്‍ കളി ആണ്. ഭ്രമിച്ചാല്‍ പെട്ടത് തന്നെ. പിന്നെ ഭ്രമിച്ചവനും നാടകത്തില്‍ പെടും. ചുറ്റിക്കളി തുടരും. അനുഭവിക്കാതെ ഊരാന്‍ പറ്റില്ല. അനുഭവി രാജാ അനുഭവി...

എന്നാല്‍ ഇതില്‍ നിന്നും ഊരാന്‍ കഴിഞ്ഞാലോ ? എല്ലാവരും കൂടി ചുമ്മാ ഒരു പന്തിനു പുറകെ...പന്ത് കയ്യില്‍ സോറി കാലില്‍ കിട്ടിയാലോ ? തട്ടിക്കളയും ! പിന്നെ എന്തിനാ ഇഷ്ടാ പന്തിന്റെ പുറകെ ഓടിയത് ?

വെറുതെ ഒരു രസം.

നിങ്ങള്‍ ജീവിച്ചാലും കൊള്ളാം...മരിച്ചാലും കൊള്ളാം. നന്നായാലും കൊള്ളാം. നശിച്ചാലും കൊള്ളാം. പ്രപഞ്ച ശക്തി കുറെ വേഷങ്ങള്‍ എടുക്കുന്നു ആടിത്തിമിര്‍ക്കുന്നു. ചില വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന കാണികള്‍ സ്റ്റേജില്‍ ചാടി വീഴുന്നു. നാടകം തുടരുന്നു.

പക്ഷെ ഒന്നുണ്ട്...

തിരശീല വീഴില്ല. എന്ത് സംഭവിച്ചാലും.

എന്താ കാരണം ?

തിരശീല ഇല്ല !

ഉണ്ടായിട്ടു വേണ്ടേ ചങ്ങാതീ വീഴാന്‍ ?

ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ...

No comments:

Post a Comment