Friday 7 March 2014

തലതിരിഞ്ഞ മൂല്യങ്ങള്‍

തലതിരിഞ്ഞ മൂല്യങ്ങള്‍

ലൈംഗികത സുന്ദരമാണ്. അത് ഇച്ചീച്ചി എന്ന് പറഞ്ഞു ഓളിയിട്ടു നടക്കുന്നത് ഞരമ്പ് രോഗികളോ പയ്യന്മാരോ ആവും. അത് എങ്ങനെ ആസ്വദിക്കണം എന്ന് പോലും പലര്‍ക്കും അറിയില്ല. തനിക്കു വഴങ്ങാത്ത സ്ത്രീകളെ തെറിവിളിക്കുന്നതു അലവലാതി കുശുമ്പന്മാരാണ്.

ഇതിലെ വിരോധാഭാസം നോക്കുക. ഈ പരിഹസിച്ചു നടക്കുന്നവര്‍ക്ക് വാസ്തവത്തില്‍ ആ പ്രവര്‍ത്തി ഇഷ്ടമാണ്. പക്ഷെ മറ്റുള്ളവര്‍ ചെയ്‌താല്‍ ഇവര്‍ അംഗീകരിക്കില്ല. പരിഹസിക്കും. സ്വയം ചെയ്‌താല്‍ മാത്രം കേമം ! ഒരു അടിസ്ഥാനവും ഇല്ലാത്ത ഉള്ളു പൊള്ളയായ മനുഷ്യര്‍.

പ്രസവം ഒരു ജൈവീക പ്രക്രിയ ആണ്. അതില്‍ ലജ്ജിക്കാന്‍ ഒന്നും ഇല്ല. വിദേശങ്ങളില്‍ അമ്മയുടെ പ്രസവം നേരിട്ട് കാണാന്‍ മക്കള്‍ക്കും ഭര്‍ത്താവിനും അനുവാദം ഉണ്ട്. അല്ലെങ്കില്‍ തന്നെ ഡോക്ടര്‍മാരും നേഴ്സ് മാരും ഒക്കെ പ്രസവം കാണുന്നില്ലേ ? അവരുടെ മനസ് ദുഷിക്കുന്നുണ്ടോ ?

ശ്വേതാ മേനോന്‍ പ്രസവിക്കുന്നത് വീഡിയോ എടുത്തതിനു കുറെ പേര്‍ അവരുടെ ചോരയ്ക്കായി അലറുന്നത് കേട്ടു. ഇവന്മാര്‍ തന്നെ ഒളിച്ചു ടിക്കറ്റ് എടുത്തു രതിനിര്‍വേദം കാണാന്‍ പോവുകയും ചെയ്യും !

ഒന്നുകില്‍ ലൈംഗികത ശരിയല്ല എന്ന് ഇവര്‍ അങ്ങ് സമ്മതിക്കണം. അത് ഇവര്‍ ചെയ്യില്ല. കാരണം ഇവര്‍ക്ക് അത് ഇഷ്ടമാണ്. 'ഞാന്‍ ചെയ്‌താല്‍ കൊയപ്പം ഇല്ല. ലവന്‍ ചെയ്താല്‍ കൊയപ്പം' എന്ന് ഉടായിപ്പ് പറയരുത്. ആ പരിപ്പ് വേവില്ല.

ഇതിനെ പറ്റി ഒരു വിദേശ സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ. "സിനിമയിലെ അടിപിടി കത്തിക്കുത്ത് വെടിവയ്പ്പ് ഒക്കെ ഒരു ഉളുപ്പും ഇല്ലാതെ കണ്ടിരിക്കാന്‍ മടിയില്ലാത്തവര്‍ ആണ് പ്രസവം ശരിയല്ല എന്ന് പറയുന്നത് ! നേരെ തിരിച്ചാണ് പറയേണ്ടത് ! അതായത് ഈ അടിപിടി ഒക്കെ ജീവന് ദോഷകരം. അത് കണ്ടാല്‍ അറയ്ക്കും. പ്രസവം ഒരു കുഞ്ഞിനു ലോകത്തിലേക്ക് വരുന്ന പാത അല്ലെ ? അത് ജീവിതമാണ്. ദോഷം ഒന്നും ഇല്ല !"

പക്ഷെ ഇങ്ങനെ സ്വാഭാവികമായി പറയാന്‍ സാധാരണ ഗതിയില്‍ ഭൂരിപക്ഷത്തിന് പറ്റില്ല. നിര്‍ബന്ധിച്ചു പറയിപ്പിച്ചാല്‍ തന്നെ ഉള്ളില്‍ ചിരി വരും ! ഇല്ലേ ? എന്ത് കൊണ്ടാണ് ഇത് എന്ന് ആലോചിക്കുക. അങ്ങനെ ആണ് സംസ്കാരം പഠിപ്പിച്ചിരിക്കുന്നത് ! മോഹന്‍ലാല്‍ ഒരാളെ ഇടിച്ചു പരിപ്പിളക്കിയാല്‍ കയ്യടി ! ശ്വേത മേനോന്റെ പ്രസവം കണ്ടാല്‍ കൂവല്‍ !

അല്ലെ ? എന്തോന്നെടെ ഇത് ?

വേറൊരു ഉദാഹരണം കൂടി പറയാം. ഒരു മാന്യന്‍ റോഡില്‍ നിന്ന് കൊട്ടും സുട്ടും ടൈയും ഷൂസും ഒക്കെ ഇട്ടു സിഗരറ്റ് വലിച്ചു കുറ്റി താഴെ ഇട്ടു ചവിട്ടി അരയ്ക്കുന്നു. അല്ലെങ്കില്‍ ബിസ്കറ്റ് തിന്നിട്ടു അതിന്റെ കവര്‍ താഴെ ഇടുന്നു. അല്ലെങ്കില്‍ തുപ്പുന്നു. ആള്‍ക്കാര്‍ക്കു അയോളോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഇല്ല.

ഇനി നോക്കുക. ഒരു തൂപ്പുകാരന്‍ അത് വഴി വരുന്നു. മാന്യന്റെ കുറ്റി, അതായതു സിഗരറ്റ് കുറ്റി, ബിസ്കറ്റ് കവര്‍, തുപ്പല്‍ ഒക്കെ തൂത്തു വാരി കൊണ്ട് പോകുന്നു. ഈ തൂപ്പുകാരനോട് എന്താ കാണികളുടെ മനോഭാവം ? പരമ പുശ്ചം ! അല്ലെ ?

എന്താ കാര്യം ? അയാള്‍ ചെയ്യുന്ന ജോലി വൃത്തികെട്ടതാണ് ! ങ്ങേ ? വൃത്തി ആക്കലോ വൃത്തി കേടാക്കലോ ഇവിടെ അംഗീകരിക്കപ്പെടുന്നത് ?

ആലോചിച്ചാല്‍ ഉത്തരവും കിട്ടും. നമ്മുടെ മൂല്യ ബോധം തല തിരിഞ്ഞു പോയി.

രാഷ്ട്രീയത്തിലും ഇത് തന്നെ കാണാം. ഒരാള്‍ അഭ്യാസം ഒക്കെ കാണിച്ചു നേതാവ് ആയി. ആവശ്യത്തിനു പൊതു മുതല്‍ കട്ട് ആഡംബര ജീവിതം. ജനങ്ങള്‍ക്ക്‌ തൃപ്തി ! അവനാണ് ബുദ്ധിയുള്ളത് എന്ന് ജനം പറയും. പറഞ്ഞില്ലെങ്കില്‍ കണ്ണുകടി ആണെന്ന് നേതാവിന്റെ ശിങ്കിടികള്‍ വിലയിരുത്തും !

ഇവിടെ വാസ്തവത്തില്‍ എന്താണ് നടന്നത് ? ജനങ്ങള്‍ക്ക്‌ കൂടി അവകാശപ്പെട്ട പൊതു മുതല്‍ നേതാവ് തരികിട നടത്തി സ്വന്തക്കാര്‍ക്ക് കൊടുത്ത് കമ്മീഷന്‍ പറ്റി മാളിക വച്ചു പുട്ടടിക്കുന്നു. ഈ കള്ളനെ ജയിലില്‍ ഇടുകയല്ലേ വേണ്ടത് ? പകരം പൂമാല ! എന്താ കാരണം ?

സ്വത്തിന്റെ ഉടമസ്ഥരായ ജനങ്ങള്‍ സംഘടിതര്‍ അല്ല. അത് രാഷ്ട്രീയക്കാര്‍ മുതലെടുക്കുക മാത്രമാണ് ചെയ്യുന്നത്.

No comments:

Post a Comment