Saturday 1 February 2014

ഹിന്ദു ക്ഷേത്രങ്ങളുടെ ഉദ്ദേശം

ഹിന്ദു ക്ഷേത്രങ്ങളുടെ ഉദ്ദേശം

ക്ഷേത്രം എന്നാല്‍ ഗാത്രം അഥവാ ശരീരം. മനുഷ്യ ശരീരത്തിന്റെ ഒരു സര്‍റിയല്‍ ബിംബം ആണ് ക്ഷേത്രങ്ങള്‍.അത് ഉണ്ടാക്കിയവര്‍ അപാര ജ്ഞാനികള്‍ ആയ കലാകാരന്മാരും.

അമ്പലത്തിനു ഒരു ചുറ്റു മതില്‍ കാണും. അതാണ്‌ മനുഷ്യശരീരത്തിലെ തൊലി. അമ്പലം ആണ് മനുഷ്യ ശരീരം. ചുറ്റമ്പലം ആണ് മനുഷ്യ മനസ്സ്. ശ്രീകോവില്‍ ആണ് ആത്മാവ്.

കത്തിയോ ?

എവടെ.

മനസ്സ് പലവിഷയങ്ങളില്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടേ ഇരിക്കും. അതിനെ ഓര്‍മിപ്പിക്കാന്‍ ആണ്‌ ഭക്തര്‍ അമ്പലത്തിനുള്ളില്‍ പ്രദക്ഷിണം വയ്ക്കുന്നത്. അത് ഭക്തിയോടെയും നല്ല ചിന്തകളോടെയും വേണം. ശരീരം ശുദ്ധം ആക്കിയിട്ടു വേണം ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ തന്നെ. കുളിച്ചു ഈറന്‍ അണിഞ്ഞ്.

അമ്പലത്തിനുള്ളില്‍ മനുഷ്യ ജ്ഞാനേന്ദ്രിയങ്ങള്‍ക്കുള്ള ഉദ്ദീപനങ്ങള്‍ ഉണ്ടാകും. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് ഇവയാണ് പഞ്ചേന്ദ്രിയങ്ങള്‍.

കണ്ണിനെ ഉദ്ദീപിപ്പിക്കാന്‍ ദീപം, ആരതി വട്ടത്തില്‍ കറക്കും. കണ്ണുള്ളവര്‍ കാണണം !

ചെവിയെ ഉദ്ദീപിപ്പിക്കാന്‍ മണിനാദം, പ്രാര്‍ത്ഥന, ചെണ്ടമേളം. ചുറ്റികറങ്ങുന്നവര്‍ പൊട്ടര്‍ ആണോ എന്ന് അറിയാന്‍. ശബ്ദങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.

മൂക്കിനെ ഉദ്ദീപിപ്പിക്കാന്‍ സുഗന്ധ പുഷ്പങ്ങള്‍, സാമ്പ്രാണിത്തിരി.

ത്വക്കിനെ ഉണര്‍ത്താന്‍ തീര്‍ത്ഥം തളിക്കല്‍, പനിനീര്‍ കുടയല്‍.

അവസാനമായി നാക്കിനെ ഉണര്‍ത്താന്‍ ഒരു പ്രസാദവും.

 അഞ്ചു ഇന്ദ്രിയങ്ങളും ഉണര്‍ന്നു ഇരിക്കണം എന്ന് താല്പര്യം.

എന്തിനാണാവോ ?

അമ്പലത്തില്‍ പോകുന്നത് ദൈവത്തിനോട് പ്രാര്‍ഥിക്കുന്നത് തന്നെ എന്തിനാ ? കൂടുതല്‍ മെച്ചമായ ജീവിതസൌകര്യങ്ങള്‍ ഉണ്ടാവാന്‍. അല്ലെ ? അല്ലാതെ ബോധോദയം ഉണ്ടാവാന്‍ അല്ലല്ലോ ? അതിനു വഴി വേറെ ആണ്.

നന്നായി ജീവിക്കാന്‍ ആഗ്രഹം ഉള്ളവര്‍ ആണ് അമ്പലങ്ങളില്‍ പോകുന്നത്. അത് കൊണ്ട് തന്നെ അവരുടെ ഇന്ദ്രിയങ്ങളെ ആണ് ഉണര്‍ത്തെണ്ടത്. അതാണ്‌ മുകളില്‍ പറഞ്ഞ അഞ്ചു ഉദ്ദീപനങ്ങള്‍.ജീവിത വിജയത്തിന് ശക്തമായ ഇന്ദ്രിയങ്ങള്‍ ആണ് വേണ്ടത്.

ശ്രദ്ധിക്കുക. ബോധോദയത്തിന് വേണ്ടത് ഇന്ദ്രിയ നിഗ്രഹം ആണ്. അതായത് ഇന്ദ്രിയങ്ങള്‍ അടയ്ക്കുക. അവര്‍ അമ്പലത്തില്‍ പോയാല്‍ പണി പാളും. അടച്ച ഇന്ദ്രിയങ്ങള്‍ ഒക്കെ തുറക്കുക ആണ് അമ്പലങ്ങള്‍ ചെയ്യുന്നത്. അമ്പലം സന്യാസികള്‍ക്കുള്ളതല്ല. അവര്‍ക്ക് ഏകാന്ത ധ്യാനം ആണ് വിധി.

വ്യത്യാസം മനസ്സിലായോ ?

ചുറ്റമ്പലത്തില്‍ ആവശ്യത്തിനു കറങ്ങിയ ശേഷം ഭക്ത മനസ്സുകള്‍ ശ്രീകോവിലിനു മുന്നില്‍ വന്നു കാത്തു നില്കണം. ആത്മാവ് മനസ്സിലോട്ടു തുറക്കുന്നത്, ഉണരുന്നത് കാണുവാന്‍ ആണ്. ആത്മാവ് ശ്രീകോവിലിനു അകത്തു അല്ല. ഭക്തന്റെ ഉള്ളില്‍ തന്നെ ആണ്. പക്ഷെ മിക്കവരിലും അത് ഉണരില്ല. ഉറക്കത്തില്‍ ആയിരിക്കും. ആത്മാവിനെ ഉണര്‍ത്താന്‍ ആണ്ശരീരം വൃത്തിയാക്കലും പ്രദക്ഷിണവും ശ്രീകോവിലിനു മുന്നിലെ കാത്തു നില്‍പ്പും ഒക്കെ.

മനസ്സിലായോ ?

ആയി !

ആശ്വാസം. ഹാവൂ !

ഇനി ശ്രീകോവിലിന്റെ  ഉള്ളിലെ ബിംബം എന്താണ് ? അത് ശുദ്ധമായും ഭക്തിയോടെയും സൂക്ഷിക്കുന്ന ഒരു വസ്തു. കണ്ണ് അതില്‍ പതിയണം. ആ രൂപം മനസ്സില്‍ പതിയുമ്പോള്‍ കണ്ണ് അടയ്ക്കുക. അപ്പോള്‍ എന്ത് കാണും ? മനസ്സില്‍ ആ ബിംബത്തിന്റെ ഒരു പ്രതിരൂപം. അല്ലെ ? ആ പ്രതിരൂപത്തില്‍ മനസ്സ് ഉറപ്പിക്കുക.

എന്നിട്ട് ബുദ്ധിയോടു പറയുക. ഞാന്‍ ഇപ്പോള്‍ കാണുന്നത് മനസ്സില്‍ലോകത്തിന്റെ ഒരു പ്രതിരൂപം. ലോകം അല്ല പ്രതിരൂപം. ലോകം മനസ്സില്‍ ഉണ്ടാക്കിയ ഇമേജ് ആണ് മനസ്സില്‍ കാണുന്ന പ്രതിരൂപം. ഇത് രണ്ടും ഒന്നല്ല ! വസ്തു ഒന്ന്. അത് മനസ്സില്‍ ഉണ്ടാക്കുന്ന പ്രതിബിംബം മറ്റൊന്ന്.

ഇങ്ങനെ ആണ് എല്ലാ കാര്യങ്ങളും. ലോകം ഒന്ന്. അതിനെ കുറിച്ച് മനസ്സില്‍ ഉണ്ടാവുന്ന ധാരണ മറ്റൊന്ന്. ഇത് രണ്ടും ഒന്നല്ല. വസ്തു അല്ല പ്രതിബിംബം. ഇത് രണ്ടും ഒന്നാണെന്ന് മിക്കവരും ധരിക്കുന്നു.

അതാണ്‌ പ്രശ്നവും.

കാരണം മനസ്സ് ഇതിനിടയില്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മിക്കവരും മറന്നു പോകുന്നു. അതിനു മൌഡ്യം, അന്ധത, അറിവ് ഇല്ലായ്മ എന്നൊക്കെ പറയും. അതായത് തന്റെ മനസ്സില്‍ ഉള്ള ധാരണ ആണ് യഥാര്‍ത്ഥ ലോകം എന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥ. പേടിക്കണ്ട. കമ്പനി ഉണ്ട് ! മിക്കവരും ഈ അവസ്ഥയില്‍ തന്നെ ആണ്. അവിടെ തടഞ്ഞു നില്‍കാതെ മുന്നോട്ടു പോകാന്‍ ആണ് പൂജാരി പറയുന്നത് !

"കണ്ടവര്‍ കണ്ടവര്‍ മുന്നോട്ടു പോകുക !"

കേട്ടിട്ടില്ലേ ? എവടെ. തിരക്ക് ഒഴിവാക്കാന്‍ ആണെന്നാണ് ഭക്തരുടെ ധാരണ. അല്ലെങ്കില്‍ സ്ത്രീകളെ അറിയാതെ സ്പര്‍ശിക്കാന്‍ നോക്കുന്ന ഞരമ്പ് രോഗികളെ മുന്നോട്ടു നീക്കി നിറുത്താന്‍. സ്ത്രീകള്‍ അടുത്തു വന്നാല്‍ ഭക്തന് ഭക്തി കൂടാന്‍ സാധ്യതയുണ്ട്. നില്കുന്നിടത്തു തന്നെ തറഞ്ഞു നിന്ന് കണ്ണടച്ച് പ്രാര്‍ഥിക്കുന്നത് പോലെ ഇഷ്ടന്‍ ഭാവിക്കാന്‍ സാധ്യതയുണ്ട് !

പൂജാരി അതൊന്നും അല്ല പറയുന്നത്. കാര്യം മനസ്സിലായവര്‍ മുന്നോട്ടു പോവുക. അതായത് ഒന്നുകില്‍ ലോകത്തിലേക്ക് മടങ്ങി പോവുക. അല്ലെങ്കില്‍ മനസ്സിലേക്ക് കടക്കുക. ബോധോദയത്തിലേക്ക് പോവുക.

ഭക്തരുടെ ഭൂരിപക്ഷ ചിന്ത ഇങ്ങനെ. 'അതൊക്കെ നമ്മളെ കൊണ്ടൊന്നും പറ്റുകേല തിരുമേനീ. വലിയ പാടാ. നമുക്ക് അറിയാവുന്ന പണി നമുക്ക് ചെയ്യാം. അതെ നടക്കൂ !'

 അങ്ങനെ മിക്കവരും വന്ന ലോകത്തിലേക്ക് തന്നെ മടങ്ങി ഒടിഞ്ഞു തിരിച്ചു പോകും.  പിന്നെയും തുഴയല്‍ തന്നെ. ഒത്തു പിടിച്ചോ... ഹൈലസാ..

എവടെ ? നന്നാവില്ല ഇജ്ജന്മം !

അടുത്ത ജന്മത്തില്‍ നോക്കാം എന്ന് ഒരു വാഗ്ദാനം. നേരെ ബിവറേജസ് ക്യൂ വിലേക്ക് . അമ്പലം ആയാലും ബിവരെജ് ആയാലും ശാന്തമായി ക്യൂ പാലിക്കുക.ആക്രാന്തം പാടില്ല.

അത്രയും എങ്കിലും ബോധം ഉണ്ടാക്കിയതിനു ദൈവത്തിനു സ്തുതി.

എന്തരോ എന്തോ. ശംഭോ മഹാദേവ. ഞാന്‍ ഒന്നും പറഞ്ഞില്ലേ.

അപ്പൊ പറഞ്ഞത് പോലെ. പിന്നെ കാണാം.








No comments:

Post a Comment